വിൻഡോസ് പണിമുടക്കി
Saturday, July 20, 2024 1:18 AM IST
ക്രൗഡ്സ്ട്രൈക്കിന്റെ അപ്ഡേറ്റിൽ വിൻഡോസ് ഉപകരണങ്ങൾ പണിമുടക്കിയതാണ് ലോകമെന്പാടും പ്രതിസന്ധി സൃഷ്ടിച്ചത്. വ്യോമയാനം, ബാങ്കിംഗ്, ആരോഗ്യ മേഖലകളുടെയെല്ലാം താളം തെറ്റി. ഏറ്റവും വലിയ ഐടി പരാജയം എന്നാണ് പ്രതിസന്ധിയെ ഇലോൺ മസ്ക് വിശേഷിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് നടപടികൾ ആരംഭിച്ചതായി ക്രൗഡ്സ്ട്രൈക്കും മൈക്രോസോഫ്റ്റും അറിയിച്ചിട്ടുണ്ട്. പക്ഷേ, പ്രശ്നം പൂർണമായി പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് ഐടി വിദഗ്ധർ മുന്നറിയിപ്പു നല്കിക്കഴിഞ്ഞു.
അപ്ഡേറ്റിലെ പിഴവ്
മൈക്രോസോഫ്റ്റ് കന്പനിയുടെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾക്കായി ക്രൗഡ്സ്ട്രൈക്ക് തയാറാക്കിയ അപ്ഡേറ്റിൽ പിഴവുണ്ടായി എന്നാണ് അറിയിപ്പ്. മൈക്രോസോഫ്റ്റിന്റെ ഓഫീസ് ആപ്പുകൾ ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ തകരാറിലായി. നീല സ്ക്രീനിൽ എറർ മെസേജ് (ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്) പ്രത്യക്ഷപ്പെട്ട് കംപ്യൂട്ടറുകൾ പ്രവർത്തിക്കാതായി. സിസ്റ്റം ക്രാഷ് ആയി, റീസ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥ.
മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾക്ക് ഈ പ്രശ്നമില്ല. ഇതൊരു സുരക്ഷാ പ്രശ്നമോ സൈബർ ആക്രമണമോ അല്ലെന്ന് ക്രൗഡ്സ്ട്രൈക്ക് മേധാവി ജോർജ് കുർട്സ് വിശദീകരിക്കുന്നു.
വന്പന്മാരുടെ സുരക്ഷാ കന്പനി
ക്ലൗഡ് അടിസ്ഥാനമാക്കി സൈബർ സുരക്ഷ പ്രദാനം ചെയ്യുന്ന ക്രൗഡ്സ്ട്രൈക്ക് കന്പനി യുഎസിലെ ഓസ്റ്റിൻ നഗരം കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. 13 വർഷം മുന്പാണ് പ്രവർത്തനം തുടങ്ങിയത്. വളർച്ച അതിവേഗമായിരുന്നു. ഇന്ന് 8,500 ജീവനക്കാരുണ്ട്. അമേരിക്കൻ സർക്കാർ, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഇന്റൽ തുടങ്ങിയ വന്പന്മാരൊക്കെ ക്രൗഡ്സ്ട്രൈക്കിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു.
എല്ലാം നിലച്ചു
വിമാനത്താവളങ്ങൾ, ടിവി ചാനൽ, ആരോഗ്യ സംവിധാനങ്ങൾ മുതലായവയെല്ലാം പ്രശ്നങ്ങൾ നേരിട്ടു. കംപ്യൂട്ടർ തകരാർ ലോകത്തിന്റെ പല ഭാഗങ്ങളിൽ തുടങ്ങിയെന്നാണ് അനുമാനം. ആദ്യ റിപ്പോർട്ടുകൾ ഓസ്ട്രേലിയയിൽനിന്നായിരുന്നു. പേയ്മെന്റ് സംവിധാനങ്ങൾ നിലച്ചതായും നാഷണൽ ഓസ്ട്രേലിയാ ബാങ്കിൽ പ്രശ്നങ്ങളുണ്ടായെന്നും വാർത്തകൾ വന്നു.
ഇതിനു പിന്നാലെ അമേരിക്കയിൽ കന്പ്യൂട്ടറുകൾ പണിമുടക്കാൻ തുടങ്ങിയതിന്റെ വാർത്തകളുണ്ടായി. ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് വിമാന കന്പനികളുടെ സർവീസുകൾ നിലച്ചു. ടോക്കിയോ, ഡൽഹി വിമാത്താവളങ്ങളുടെ പ്രവർത്തനം താളംതെറ്റി. ലണ്ടൻ, ആംസ്റ്റർഡാം, ഡബ്ലിൻ നഗരങ്ങളിലെ വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ടായി. ലോകത്താകമാനം 1400 വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടു.
ബ്രിട്ടനിലെ സ്കൈ ന്യൂസ് അടക്കം പല ചാനലുകളുടെയും സംപ്രേഷണം മണിക്കൂറുകൾ മുടങ്ങി. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ സർജറിക്കും മറ്റുമുള്ള ബുക്കിംഗിൽ തടസമുണ്ടായി. ഇസ്രയേലിലെ 15 ആശുപത്രികൾ കംപ്യൂട്ടർ സംവിധാനം ഉപേക്ഷിച്ച് മാനുവൽ രീതി അവലംബിച്ചു. ബ്രിട്ടനിലെ റെയിൽ ഗതാഗതവും പ്രശ്നം നേരിട്ടു.
പോളണ്ടിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനലായ ബാൾട്ടിക് ഹബ്ബിൽ പ്രവർത്തനം താളംതെറ്റിയതോടെ കപ്പലുകൾ അടുക്കരുതെന്ന് നിർദേശം നല്കി.
ദിവസങ്ങളെടുക്കും
24,000 ഉപയോക്താക്കൾ ക്രൗഡ്സ്ട്രൈക്കിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വിമാനത്താവളങ്ങളും തുറമുഖങ്ങളും പോലുള്ള വൻകിടസ്ഥാപനങ്ങളാണ് ഈ ഉപയോക്താക്കൾ. വിൻഡോസ് ഉപയോഗിക്കുന്ന ഓരോ കന്പ്യൂട്ടറും നിലച്ചു. പ്രശ്നകാരണം തിരിച്ചറിഞ്ഞ് പ്രതിവിധി നടപ്പാക്കിത്തുടങ്ങിയെന്നാണ് ക്രൗഡ്സ്ട്രൈക്ക് മേധാവി ജോർജ് കുർട്സ് അറിയിച്ചത്. പക്ഷേ, പ്രതിവിധി ഓരോ കന്പ്യൂട്ടറിനും പ്രത്യേകം പ്രത്യേകം നല്കേണ്ടിവരുമെന്നാണ് ഐടി വിദഗ്ധർ അഭിപ്രായപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ദിവസങ്ങൾ എടുത്തേക്കും.