വിജയത്തിലേക്കുള്ള ചിത്രം
Monday, July 15, 2024 1:36 AM IST
സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വേദിയിൽനിന്നു സംരക്ഷിച്ചുകൊണ്ടുപോകവേ ചോരയോഴുകുന്ന മുഖവുമായി മുഷ്ടി ഉയർത്തി “പൊരുതൂ, പൊരുതൂ” എന്ന് ആഹ്വാനം ചെയ്യുന്ന ഡോണൾഡ് ട്രംപിന്റെ ചിത്രം നവംബറിലെ തെരഞ്ഞെടുപ്പുഗതിയെ സ്വാധീനിക്കുമെന്ന് വിലയിരുത്തൽ. ട്രംപിനു നേർക്കുണ്ടായ ആക്രമണം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് അനുകൂലമായ വികാരം ശക്തിപ്പെടുത്തിയേക്കാം. തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായ പ്രസിഡന്റ് ബൈഡൻ മുന്പേതന്നെ പ്രചാരണത്തിൽ പിന്നിലാണെന്നാണ് വിലയിരുത്തൽ.
ഡോണൾഡ് ട്രംപിന്റെ പ്രചാരണവിഭാഗം ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തുടങ്ങിക്കഴിഞ്ഞു. ട്രംപിന്റെ മകൻ എറിക് ട്രംപ് അതിവേഗംതന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ‘അമേരിക്കയ്ക്കു വേണ്ട പോരാളി ഇതാണ്’ എന്നായിരുന്നു അടിക്കുറിപ്പ്.
ആക്രമണത്തിൽ അതിവേഗം പ്രതികരിച്ച പ്രസിഡന്റ് ജോ ബൈഡൻ രാജ്യം ഐക്യത്തോടെ നിലകൊള്ളേണ്ട സമയമാണിതെന്നാണ് പറഞ്ഞത്. ട്രംപിനെ ആക്രമിക്കാൻ പറ്റിയ സമയമല്ലിതെന്നു ബോധ്യമുള്ള ബൈഡൻ ട്രംപിനുവേണ്ടി പ്രാർഥിക്കുന്നതായും കൂട്ടിച്ചേർത്തു.