എവറസ്റ്റ് കയറുന്നതിനിടെ വീണുപരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു
Wednesday, May 29, 2024 1:44 AM IST
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ വീണുപരിക്കേറ്റ് കാഠ്മണ്ഡുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ പർവതാരോഹകൻ മരിച്ചു. ഹരിയാന സ്വദേശി ബൻഷി ലാൽ (46)ആണു മരിച്ചത്. ഇതോടെ ഈ വർഷം മാത്രം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരിക്കുന്ന പർവതാരോഹകരുടെ എണ്ണം എട്ടായി.
ഇതിൽ മൂന്നുപേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. എവറസ്റ്റിലെ പർവതാരോഹണ സീസൺ അവസാനിക്കാനിരിക്കേയാണ് ഇന്ത്യക്കാരന്റെ മരണം. സമീപവർഷങ്ങളിൽ ഏറ്റവും കൂടുതൽ മരണം നടന്നത് കഴിഞ്ഞ വർഷത്തെ പർവതാരോഹണ സീസണിലായിരുന്നു. 18 പേർ.
ഈ വർഷമുണ്ടായ മരണമെല്ലാം നടന്നത് എവറസ്റ്റിന്റെ 8000 മീറ്ററിനു മുകളിലുള്ള(26,200 അടി) ഡെത്ത് സോൺ എന്ന ഭാഗത്തുവച്ചാണ്. നേരിയ വായുലഭ്യതയും ഓക്സിജന്റെ കുറവും വിവിധ രോഗങ്ങൾക്കിടയാക്കുകയും മരണത്തിൽ കലാശിക്കുകയും ചെയ്യുന്നു. മരണങ്ങൾ ഉണ്ടായിട്ടും ഈ വർഷം ഒന്നിലധികം റിക്കാർഡുകൾ ഭേദിക്കപ്പെട്ടു.
14 മണിക്കൂറും 31 മിനിറ്റും കൊണ്ട് ഏറ്റവും വേഗത്തിൽ എവറസ്റ്റ് കീഴടക്കിയ വനിതയെന്ന റിക്കാർഡ് നേപ്പാളി പർവതാരോഹക ഫുഞ്ചോ ലാമാം സ്ഥാപിച്ചു. സാധാരണഗതിയിൽ മാർഗമധ്യേയുള്ള വിവിധ ക്യാമ്പുകളിൽ വിശ്രമിച്ചും കാലാവസ്ഥയോട് പൊരുത്തപ്പെട്ടും ദിവസങ്ങളെടുത്താണ് പർവതാരോഹകർ 8,849 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലെത്തുന്നത്.
നേപ്പാളുകാരൻതന്നെയായ എവറസ്റ്റ് മാൻ എന്നറിയപ്പെടുന്ന 54കാരൻ കാമി റിത ഷെർപ 30-ാം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തകർത്തതും ഈ വർഷമാണ്. കഴിഞ്ഞദിവസം കാമ്യ കാർത്തികേയൻ എന്ന പതിനാറുകാരി എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹക എന്ന റിക്കാർഡ് സ്ഥാപിച്ചിരുന്നു.
നേവൽ ഓഫീസറുടെ മകളായ കാമ്യ മുംബൈ നേവി സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിനിയാണ്. ഈ വർഷം നേപ്പാൾ രാജ്യത്തെ വിവിധ കൊടുമുടികൾ കയറാൻ 900 പേർക്കാണ് അനുമതി നൽകിയത്. ഇതിൽ എവറസ്റ്റ് കയറാൻ 419 പേർക്കാണ് അനുമതി ലഭിച്ചത്.
അതിനിടെ, കോവിഡ് മഹാമാരിയെത്തുടർന്ന് 2020ൽ അടച്ചിട്ട എവറസ്റ്റിലേക്കുള്ള ടിബറ്റൻ റൂട്ട് വിദേശ പർവതാരോഹകർക്കായി ചൈന തുറന്നത് നേപ്പാളിന് ചെറിയതോതിൽ ക്ഷീണമാണ്.
ലോകത്തിലെ ഏറ്റവും വലിയ എട്ടു കൊടുമുടികളുള്ള നേപ്പാളിൽ ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പർവതാരോഹകരാണ് എത്തുന്നത്. ഏപ്രിൽ, മേയ് മാസങ്ങളാണ് എവറസ്റ്റ് കൊടുമുടി കയറാനുള്ള ഏറ്റവും അനുയോജ്യമായ സമയം.