തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ
Thursday, April 25, 2024 12:05 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ പള്ളിയിൽ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള പരിശോധനയിൽ ഏഴ് കൗമാരക്കാരെ പോലീസ് അറസ്റ്റ്ചെയ്തു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നവരെന്നു കണ്ടെത്തിയാണ് 15 നും 17 നും ഇടയിലുള്ളവരെ അറസ്റ്റ് ചെയ്തത്. മതപരമായ വിശ്വാസത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കാൻ ഇവർ ശ്രമിച്ചുവെന്നു കണ്ടെത്തിയതായി ന്യൂസൗത്ത് വെയിൽസ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡേവിഡ് ഹഡ്സൺ പറഞ്ഞു.
കഴിഞ്ഞ 15 ന് ബിഷപ്പിനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്.
മറ്റു മൂന്നുപേർക്കുകൂടി പരിക്കേറ്റിരുന്നു. സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിലാണു സംഭവം നടന്നത്. ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ബിഷപ്പിന്റെ ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു.
ആക്രമണദൃശ്യങ്ങൾ എടുത്തുമാറ്റാൻ സമൂഹമാധ്യമായ എക്സിനോട് ഫെഡറൽ കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.