സിഡ്നി കത്തിയാക്രമണം; കൗമാരക്കാരനെതിരേ തീവ്രവാദക്കുറ്റം
Saturday, April 20, 2024 2:18 AM IST
സിഡ്നി: സിഡ്നിയിലെ പള്ളിയിൽ കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെതിരേ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി. മതതീവ്രവാദ പ്രേരണയാലാണ് പതിനാറുകാരൻ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
അതിനാലാണ് തീവ്രവാദക്കുറ്റം ചുമത്തിയതെന്നും പോലീസ് പറയുന്നു. ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്.
ആക്രമണം നടത്താൻ അക്രമി തന്റെ വീട്ടിൽനിന്നു സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിലേക്ക് 90 മിനിറ്റ് യാത്ര നടത്തിയെന്നും പോലീസ് പറയുന്നു.
പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി ആക്രോശിച്ചാണ് മെത്രാൻ മാർ മാറി ഇമ്മാനുവേലിനെയും വൈദികൻ ഫാ. ഐസക് റോയലിനെയും കൗമാരക്കാരൻ കുത്തിയത്. അറബിയിലായിരുന്നു ഇയാൾ സംസാരിച്ചതെന്നും സിഡ്നി ഫെഡറൽ പോലീസ് കമ്മീഷണർ റീസ് കെർഷോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അക്രമിയെ വിശ്വാസികൾ ചേർന്നാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സിഡ്നിയിലെ കുട്ടികളുടെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ അക്രമി ആശുപത്രിക്കിടക്കയിൽനിന്നു വീഡിയോ കോൺഫറൻസ് വഴി വെള്ളിയാഴ്ച കോടതിയിൽ ഹാജരായി. അക്രമിക്കെതിരേ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് മുൻപ് മൂന്ന് കേസുകളുണ്ടായിട്ടുണ്ട്.
കൗമാരക്കാരന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കൗമാരക്കാരന്റെ മാനസികനില പരിശോധിക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചു. ജൂൺ 14 വരെ അക്രമിയെ റിമാൻഡ് ചെയ്തു. ആശുപത്രിയിൽനിന്നു വിട്ടാൽ ഇയാളെ ജുവൈനൽഹോമിൽ പ്രവേശിപ്പിക്കും.