തായ്വാൻ ഭൂകമ്പം ; കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു
Friday, April 5, 2024 1:41 AM IST
തായ്പെയ്: തായ്വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുന്നു. നിരവധിയാളുകളെക്കുറിച്ച് ദിവസങ്ങൾക്കു ശേഷവും വിവരമൊന്നുമില്ല. ഇവർക്കായുള്ള തെരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. ഭൂകമ്പത്തിൽ ഒൻപത് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 821 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് കാൽനൂറ്റാണ്ടിനിടെയുണ്ടായ അതിശക്തമായ ഭൂകമ്പമാണു കഴിഞ്ഞ ദിവസമുണ്ടായത്. പ്രഭവകേന്ദ്രമായ കിഴക്കൻ തീരനഗരം ഹുവാലിയനിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എസ്കവേറ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഭൂകമ്പത്തിൽ 48 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായി മേയർ ഹ്സു ചെൻ-വെയ് പറഞ്ഞു. ചില കെട്ടിടങ്ങളുടെ അടിത്തറ ഇളകി ചെരിഞ്ഞനിലയിലാണ്. പലരും ടെന്റുകളിലാണ് അഭയം തേടിയിരിക്കുന്നത്. എന്നാൽ, ഭൂരിപക്ഷം ഹുവാലിയൻ നിവാസികളും സാധാരണ ജീവിതത്തിലേക്കു മടങ്ങിയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോക്കൽ ട്രെയ്നുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. തായ്വാൻ സെമികണ്ടക്ടർ നിർമാണ കമ്പനിയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചതായി തായ്വാൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
130ഓളം ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദേശീയ അഗ്നിസുരക്ഷാ ഏജൻസി പറയുന്നത്. ടാർകോ ദേശീയ പാർക്കിനുള്ളിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ രണ്ട് ഡസനോളം ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഖനിയിൽ കുടുങ്ങിയ 64 തൊഴിലാളികൾക്കു പുറത്തുകടക്കാനായിട്ടില്ല. തങ്ങൾ സുരക്ഷിതരാണെന്നും റോഡിലെ തടസങ്ങൾമൂലം പുറത്തെത്താൻ കഴിയുന്നില്ലെന്നും ഇവർ അറിയിച്ചു.
മറ്റൊരു ഖനിയിലെ ആറ് തൊഴിലാളികളെ ഹെലികോപ്റ്റർ ഉപയോഗിച്ച് പുറത്തെത്തിച്ചു. പാർക്കിലെ ഹോട്ടലിലെ 30 ജീവനക്കാരെക്കുറിച്ച് വിവരമൊന്നുമില്ല.
ഭൂകമ്പവും തുടർചലനങ്ങളും മണ്ണിടിച്ചിലും മൂലം റോഡുകൾക്കും പാലങ്ങൾക്കും തുരങ്കപാതകൾക്കും കേടുപാടുകൾ സംഭവിച്ചു. നിയമസഭയ്ക്കും തായ്പേയിലെ പ്രധാന വിമാനത്താവളത്തിനും ഭാഗിക കേടുപാടുകളുണ്ടായി. ബുധനാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച വരെ 300ലധികം തുടർചലനങ്ങളുണ്ടായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.