ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പ് മനുഷ്യനിൽ ഘടിപ്പിച്ചു
Tuesday, January 30, 2024 11:34 PM IST
ന്യൂ യോർക്ക്: നാഡീ തകരാറുകൾ മൂലം വൈഷമ്യങ്ങൾ നേരിടുന്നവരെ സഹായിക്കുന്നതിനായി അമേരിക്കയിലെ ന്യൂറാലിങ്ക് കന്പനി വികസിപ്പിച്ച ബ്രെയിൻ ചിപ്പ് വിജയകരമായി മനുഷ്യശരീരത്തിൽ ഘടിപ്പിച്ചതായി അവകാശവാദം. കന്പനി ഉടമസ്ഥനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ആണ് ഇക്കാര്യം അറിയിച്ചത്.
തലച്ചോറിനെ കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള അനുമതി ന്യൂറാലിങ്കിനു ലഭിച്ചതു കഴിഞ്ഞ വർഷം മേയിലാണ്.
ചലനശേഷി നഷ്ടപ്പെട്ടവർക്കു സഹായകരമായ ബ്രെയിൻ ചിപ്പ് വികസിപ്പിക്കുന്നതിലാണു ന്യൂറാലിങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുടിനാരിനേക്കാൾ വണ്ണം കുറഞ്ഞ ഇലക്ട്രോണിക് തന്തുക്കളാണു തലച്ചോറിൽ ഘടിപ്പിക്കുക.
ന്യൂറാലിങ്കിന്റെ ആദ്യ ഉത്പന്നത്തിന്റെ പേര് ടെലിപ്പതി എന്നായിരിക്കുമെന്നാണു മസ്ക് അറിയിച്ചിരിക്കുന്നത്. ചിന്തയിലൂടെ കംപ്യൂട്ടറും ഫോണും പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ശേഷി ടെലിപ്പതി നല്കും. അംഗഭംഗം വന്നവർക്കായിരിക്കും ഈ ഉപകരണം പ്രയോജനപ്പെടുക.
ബ്രെയിൻ ചിപ് മേഖലയിൽ ഗവേഷണങ്ങൾ നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടെങ്കിലും മനുഷ്യശരീരത്തിൽ പരീക്ഷണം നടത്തുന്ന കന്പനികൾ കുറവാണ്. സ്വിറ്റ്സർലൻഡിലെ ഇപിഎഫ്എൽ സ്ഥാപനം പക്ഷാഘാതം നേരിട്ടയാളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ച് കാലുകൾക്കു നടക്കാനുള്ള ശേഷി സാധ്യമാക്കിയിരുന്നു.