മലയാളി ഡോക്ടർക്ക് മിസിസ് ഏഷ്യ ജിബി കിരീടം
Friday, June 16, 2023 10:41 PM IST
ലണ്ടൻ: തൊടുപുഴ സ്വദേശിനി ഡോ. ടിസ ജോസഫിനു മിസിസ് ഏഷ്യ ജിബി 2023 കിരീടം. മോഡലിംഗ്-ഫാഷൻ രംഗത്തെ പ്രമുഖ ബഹുമതികളിൽ ഒന്നാണ് ഏഷ്യ ജിബി.
ബ്രിട്ടനിൽ താമസിക്കുന്ന വിവാഹിതരായ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ബ്രിട്ടനു പുറത്തു സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഏഷ്യക്കാർക്കും പങ്കെടുക്കാവുന്ന മത്സരമാണിത്.
15 വർഷമായി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ജനറൽ പ്രാക്ടിഷനറാണ് ടിസ. ഭർത്താവ് ഡോ. കുര്യൻ ഉമ്മൻ ക്ലിനിക്കൽ സയന്റിസ്റ്റാണ്. മകൾ റിയ എലിസബത്ത് ഉമ്മൻ പ്രൈമറി സ്കൂൾ വിദ്യാർഥിനി.
തൊടുപുഴ സ്വദേശികളായ നടയ്ക്കൽ ഡോ. എൻ കെ. ജോസഫ്- അക്കാമ്മ ജോസഫ് ദമ്പതികളുടെ മകളാണ് ടിസ. ഫാഷൻ മോഡലിംഗ് രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഡോ. ടിസ സജീവമാണ്.