മഹാകുംഭമേള ദുരന്തം വിഐപി സംസ്കാരംമൂലം: കോൺഗ്രസ്
Thursday, January 30, 2025 3:50 AM IST
ലക്നോ: മഹാകുംഭമേളയിൽ തിക്കിലുംതിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെയും ഉത്തർപ്രദേശ് സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ്. കെടുകാര്യസ്ഥതയും സാധാരണഭക്തരെ പരിഗണിക്കാതെ വിഐപികൾക്കു മാത്രമായി പ്രത്യേക ശ്രദ്ധ നൽകിയതുമാണു ദുരന്തത്തിനു കാരണമായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സാധാരണ ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ മികച്ച ക്രമീകരണങ്ങൾ ചെയ്യണമെന്നും വിഐപി സംസ്കാരം നിയന്ത്രിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുംഭമേള ദുരന്തം ഹൃദയഭേദകമാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
മരണപ്പെട്ട ഭക്തരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാതിവെന്ത ക്രമീകരണങ്ങളും വിഐപികളുടെ വരവും സ്വന്തം നേട്ടത്തിനായി കൂടുതൽ ശ്രദ്ധചലുത്തിയതും കെടുകാര്യസ്ഥതയുമാണ് ഇതിന് ഉത്തരവാദികൾ. ഇത്തരം ക്രമീകരണങ്ങൾക്കായി ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ചത് അപലപനീയമാണെന്നും ഖാർഗെ പറഞ്ഞു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇപ്പോഴെങ്കിലും ഉണർന്ന് പ്രവർത്തിച്ച് സംവിധാനം മെച്ചപ്പെടുത്തണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
മരിച്ചവരെ തിരിച്ചറിഞ്ഞ് മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് അവരുടെ കുടുംബാംഗങ്ങൾക്കു നൽകണം. ഭക്തർക്കു സമാധാനത്തോടെ സ്നാനം നടത്താൻ അവസരമൊരുക്കണം- പ്രിയങ്ക ആവശ്യപ്പെട്ടു.