പ്രൗഢിയും ശക്തിയും തെളിയിച്ച് റിപ്പബ്ലിക് ദിന പരേഡ്
Tuesday, January 28, 2025 3:14 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന പരേഡ് രാജ്യത്തിന്റെ പ്രൗഢിയും പ്രതാപവും സൈനികശക്തിയും വിളിച്ചോതുന്നതായി. ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നേതൃത്വം നൽകി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായിരുന്നു.
പരേഡിൽ കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം ഇത്തവണ ഇന്തോനേഷ്യൻ കരസേനയുടെ അഭ്യാസപ്രകടനങ്ങളുമുണ്ടായിരുന്നു. ആദിവാസി നേതാവായ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികവും ഭരണഘടനയുടെ 75 വർഷങ്ങളും ആഘോഷപരിപാടിയുടെ പ്രധാന പ്രമേയങ്ങളായി.
രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പിന്നീട് ഇന്തോനേഷ്യൻ പ്രസിഡന്റിനൊപ്പം കർത്തവ്യപഥിലെത്തിയ രാഷ്ട്രപതി ദേശീയപതാക ഉയർത്തി. പിന്നാലെ 21 ഗണ് സല്യൂട്ട് നടന്നു. ഇതിനു പിന്നാലെയാണ് പരേഡ് ആരംഭിച്ചത്.
പരേഡിൽ വിവിധ സൈനിക പ്രകടനങ്ങളോടൊപ്പം 5000ത്തിലധികം കലാകാരന്മാരും പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളുടെയും സേനയുടേതുമുൾപ്പെടെ 31 നിശ്ചലദൃശ്യങ്ങൾ പരേഡിന്റെ ഭാഗമായി.
കരസേന തദ്ദേശീയമായി നിർമിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും അണിനിരന്നു. "സുശക്തവും സുരക്ഷിതവുമായ ഭാരതം’ എന്ന പ്രമേയം മുൻനിർത്തി കര-വ്യോമ-നാവിക സേനകൾ സംയോജിപ്പിച്ചൊരുക്കിയ നിശ്ചല ദൃശ്യം ശ്രദ്ധേയമായി.
ഇന്തോനേഷ്യൻ സേനയിൽനിന്നുള്ള 342 സൈനികർ നടത്തിയ അഭ്യാസപ്രകടനങ്ങൾക്കും കർത്തവ്യപഥ് സാക്ഷിയായി. മുഖ്യാതിഥികൾക്കൊപ്പം ക്ഷണിക്കപ്പെട്ട 10,000ത്തോളം പേർ ആഘോഷപരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.
ആശാ ജീവനക്കാരും അങ്കണവാടി ജീവനക്കാരുമുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് ആഘോഷപരിപാടികൾ വീക്ഷിക്കാൻ സർക്കാരിന്റെ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷം നടന്നു.