മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയ എംഎൽഎയുടെ മകൾ ജീവനൊടുക്കി
Wednesday, January 29, 2025 3:40 AM IST
ദന്തേവാഡ: ആറുവർഷം മുന്പ് മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ട എംഎൽഎയുടെ മകൾ ജീവനൊടുക്കി.
ഛത്തിസ്ഗഡിലെ ദന്തേവാഡയിൽ 2019 ൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവുകൂടിയായ ഭീമ മാണ്ഡവിയുടെ മകൾ ദീപയാണു മരിച്ചത്. ഫിസിയോതെറാപ്പി വിദ്യാർഥിനിയായ ദീപയെ ഡെറാഡൂണിലെ കരൺപുരിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ മൂന്നാംവർഷ വിദ്യാർഥിനിയായ ദീപ സഹപാഠികൾക്കൊപ്പം വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒരാഴ്ച മുന്പ് പേയിംഗ് ഗെസ്റ്റായി കരൺപുരിലെത്തുകയായിരുന്നു.
ദീപയുടെ അമ്മയും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായ ഒജസ്വി മാണ്ഡവി ഡെറാഡൂണിലെത്തി. മൃതദേഹം സ്വദേശമായ ദന്തേവാഡയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ദീപയുടെ മറ്റൊരു സഹോദരി റായ്പുരിൽ ഒരു കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.