വാട്സ്ആപ് വഴി നോട്ടീസ് നൽകരുതെന്നു സുപ്രീംകോടതി
Wednesday, January 29, 2025 3:40 AM IST
ന്യൂഡൽഹി: കുറ്റാരോപിതർക്ക് ക്രിമിനൽ നടപടിക്രമങ്ങൾക്കായി ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് വാട്സ്ആപ്പോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ പോലീസ് കൈമാറുന്നതിനെ വിലക്കി സുപ്രീംകോടതി.
ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) 41 (എ) പ്രകാരമോ ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബിഎൻഎസ്എസ്) 2023 ലെ സെക്ഷൻ 35 പ്രകാരമോ നോട്ടീസ് കൈമാറണമെന്ന് ജസ്റ്റീസുമാരായ എം.എം. സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
സിആർപിസി, ബിഎൻഎസ്എസ് പ്രകാരം അംഗീകരിക്കപ്പെട്ടതും നിർദേശിച്ചിട്ടുള്ളതുമായ സേവനരീതിക്കു പകരമായി വാട്സ് ആപ്പോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളോ വഴി നോട്ടീസ് കൈമാറുന്നതു വിലക്കിയ കോടതി, ഈ നിർദേശം പാലിക്കപ്പെടുന്നുണ്ടെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് ഉറപ്പുവരുത്താനും നിർദേശിച്ചു.