പാർലമെന്റ് ബജറ്റ് സമ്മേളനം: സർവകക്ഷിയോഗം നാളെ
Wednesday, January 29, 2025 3:41 AM IST
ന്യൂഡൽഹി: ശനിയാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ നാളെ സർവകക്ഷി യോഗം വിളിച്ചു. വഖഫ് ഭേദഗതി നിയമം അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധത്തിനു തയാറാകുമെന്നതിനാൽ ശനിയാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമായേക്കും.
ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. മാർച്ച 10ന് തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രിൽ നാലുവരെ നീളും. ആകെ 27 പ്രവൃത്തിദിനങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാകും സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുക.
ശനിയാഴ്ച ബജറ്റ് അവതരണത്തിനുശേഷം സഭ പിരിയും. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ് തിങ്കളാഴ്ച മുതൽ മൂന്നു ദിവസം നിശ്ചയിച്ചിരിക്കുന്നത്. പിന്നീടാകും ബജറ്റ് ചർച്ച. ഇരു ചർച്ചകളിലും ഭരണ- പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയപ്പോരിനുള്ള വേദിയാകും പാർലമെന്റ്.
കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിലേതുപോലുള്ള സംഘർഷം ഒഴിവാക്കി ചർച്ചകൾക്കു പ്രതിപക്ഷം തയാറാകണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജുജു ഇന്നലെ അഭ്യർഥിച്ചു.
എന്നാൽ ഏകപക്ഷീയമായി പ്രതിപക്ഷസ്വരം അമർച്ച ചെയ്തു മുന്നോട്ടുപോകാമെന്ന ബിജെപി സർക്കാരിന്റെ ധാർഷ്ട്യം നടക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.