പാസ്റ്ററുടെ സംസ്കാരം ഭിന്നവിധിയുമായി സുപ്രീംകോടതി
Tuesday, January 28, 2025 3:14 AM IST
ന്യൂഡൽഹി: ക്രൈസ്തവ മതാചാരപ്രകാരം പാസ്റ്ററുടെ മൃതസംസ്കാരം നടത്താൻ അനുമതി നിഷേധിച്ചതിനെതിരായ ഹർജിയിൽ ഛത്തീസ്ഗഡ് സർക്കാരിനെ വിമർശിച്ച് ജസ്റ്റീസ് ബി.വി. നാഗരത്ന. ഗ്രാമീണതലത്തിൽ പരിഹരിക്കാമായിരുന്ന വിഷയം സുപ്രീംകോടതിയിൽ എത്തിച്ചെന്ന് ജസ്റ്റീസ് കുറ്റപ്പെടുത്തി.
വിഷയത്തിൽ ജസ്റ്റീസുമാരായ ബി.വി. നാഗരത്നയും സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഭിന്നവിധി രേഖപ്പെടുത്തിയെങ്കിലും കേസ് വിശാല ബെഞ്ചിലേക്കു മാറ്റുന്നതിനു പകരം സംസ്ഥാനസർക്കാർ നിർദേശിച്ച പ്രകാരം ക്രൈസ്തവർക്കായുള്ള പ്രത്യേക ശ്മശാനത്തിൽ മൃതദേഹം അടക്കം ചെയ്യാൻ നിർദേശിച്ചു. ഇതിനുള്ള എല്ലാ സഹായവും ഛത്തീസ്ഗഡ് സർക്കാർ നൽകണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ 20 ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ വിഷയം വേഗത്തിൽ പരിഹരിക്കാനാണു നടപടിയെന്നും അപ്പീലുകാരന്റെയും മരിച്ച വ്യക്തിയുടെ കുടുംബത്തിന്റെയും പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചതെന്നും കോടതി വിധിപ്പകർപ്പിൽ വ്യക്തമാക്കി.
ഹർജിക്കാരന്റെ ആവശ്യപ്രകാരം ഗ്രാമത്തിൽ സംസ്കരിക്കണമെന്ന് ജസ്റ്റീസ് നാഗരത്ന വിധിയെഴുതിയപ്പോൾ, ബെഞ്ചിലെ ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമ സർക്കാരിന്റെ നിർദേശം അംഗീകരിക്കുകയായിരുന്നു.
ഛത്തീസ്ഗഡിലെ ഛിന്ദ്വാഡ ഗ്രാമത്തിൽ ക്രൈസ്തവ മതാചാരപ്രകാരം പിതാവിന്റെ മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യം നിഷേധിച്ചതിനെത്തുടർന്ന് മകൻ രമേശ് ബാഗലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹിന്ദുമതത്തിൽനിന്നു ക്രിസ്തു മതം സ്വീകരിച്ച സുഭാഷ് ബാഗലിന്റെ മൃതദേഹമാണ് ഗ്രാമത്തിനുള്ളിലെ ശ്മശാനത്തിൽ സംസ്കരിക്കാൻ പ്രദേശവാസികളും ചില സംഘടനകളും അനുവദിക്കാതിരുന്നത്. എന്നാൽ, പരാതിക്കാരന്റെ ആവശ്യപ്രകാരം മൃതദേഹം ഗ്രാമത്തിൽ സംസ്കരിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
മൃതദേഹം ഗ്രാമത്തിൽ സംസ്കരിക്കുന്നതിനു പകരം ഗ്രാമത്തിൽനിന്ന് 30 കിലോമീറ്റർ അകലെ ക്രൈസ്തവർക്കായുള്ള പ്രത്യേക ശ്മശാനത്തിൽ സംസ്കരിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഗ്രാമത്തിനുള്ളിൽ സംസ്കാരം നിഷേധിച്ചതോടെ ഭരണഘടനയുടെ 14,15 വകുപ്പുകളുടെ ലംഘനമാണു നടന്നതെന്ന് ജസ്റ്റീസ് നാഗരത്ന തന്റെ വിധിയിൽ വ്യക്തമാക്കി. ഗ്രാമതലത്തിൽ പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയത്തിന് മറ്റൊരു തലം നൽകിയെന്നും ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ചില സമുദായങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ വിവേചനപരമായ നിലപാടാണ് ഇതു വ്യക്തമാക്കുന്നതെന്നും ജസ്റ്റീസ് നാഗരത്ന വിധിയിൽ എഴുതി.
ഹർജിക്കാരൻ സുപ്രീംകോടതി വരെ എത്തേണ്ടിവന്നത് വേദനാജനകമാണെന്ന് സമാന ബെഞ്ച് നേരത്തേ കേസ് പരിഗണിച്ചപ്പോൾ നിരീക്ഷിച്ചിരുന്നു. എല്ലാ വിഭാഗങ്ങൾക്കും മൗലികാവകാശം ഉറപ്പാക്കുന്ന മതേതര രാഷ്ട്രമാണ് ഇന്ത്യ എന്ന സുപ്രീംകോടതിയുടെ മുൻകാല നിരീക്ഷണവും ജസ്റ്റീസ് നാഗരത്ന തന്റെ വിധിയിൽ പരാമർശിച്ചു.
എന്നാൽ, ഛത്തീസ്ഗഢ് പഞ്ചായത്ത് ചട്ടമനുസരിച്ച് നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ മൃതദേഹം സംസ്കരിക്കാവൂ എന്ന നിർദേശമാണ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമ മുന്നോട്ടു വച്ചത്. അതിനാൽ ഒരു വ്യക്തിക്ക് ഇഷ്ടമുള്ള സ്ഥലത്തു മൃതദേഹം സംസ്കരിക്കണമെന്ന അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.