ഇന്ത്യ-ചൈന ധാരണ: കൈലാസ-മാനസസരോവർ യാത്ര പുനരാരംഭിക്കും
Tuesday, January 28, 2025 3:14 AM IST
ന്യൂഡൽഹി: അഞ്ചു വർഷമായി മുടങ്ങിക്കിടക്കുന്ന കൈലാസ- മാനസ സരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനം.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും ബെയ്ജിംഗിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. ഈ വേനൽക്കാലത്തുതന്നെ യാത്ര പുനരാരംഭിക്കും. ഇതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ അന്നു ചർച്ചയായിരുന്നു.
2020ൽ കോവിഡ് വ്യാപിച്ചതിനെത്തുടർന്നാണു കൈലാസ- മാനസ സരോവർ യാത്ര നിർത്തിവച്ചത്. പിന്നീട് ഗൽവാൻ സംഘർഷത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ യാത്ര പൂർണമായും അനിശ്ചിതത്വത്തിലായി.