ഡോ. കെ.എം. ചെറിയാന് അന്തരിച്ചു
Tuesday, January 28, 2025 3:14 AM IST
ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന് (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മരണം. വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് ഡോ. ചെറിയാന് ബംഗളൂരുവിലെത്തിയത്. വൈകുന്നേരം കുഴഞ്ഞുവീണ അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
1942ല്‍ കായംകുളത്ത് ജനിച്ച കെ.എം. ചെറിയാന്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ലക്ചററായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയ അദ്ദേഹത്തെ 1991-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
ചെന്നൈയിലെ ഫ്രോണ്ടിയര്‍ ലൈഫ്ലൈന് ഹോസ്പിറ്റല്‍, ചെറിയാന് ഹാര്‍ട്ട് ഫൗണ്ടേഷന് എന്നിവ സ്ഥാപിക്കുന്നതിനു മുന്‍പ് ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രമുഖ ആശുപത്രികളില്‍ ഡോ. ചെറിയാന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990-1993ല്‍ പ്രസിഡന്റിന്റെ ഓണററി സര്‍ജനായും സേവനമനുഷ്ഠിച്ചു.
ജന്മദേശമായ ചെങ്ങന്നൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി വേണമെന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിലൂടെയാണ് ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിതമായത്.
ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്റെ സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു ഡോ. കെ.എം ചെറിയാന്. വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് സര്‍ജന്റെ പ്രസിഡന്റാവുന്ന ആദ്യത്തെ ഇന്ത്യക്കാരന്, അമേരിക്കന്‍ അസോസിയേഷന് ഓഫ് തൊറാസിക് സര്‍ജറിയില്‍ അംഗമാവുന്ന ആദ്യ ഇന്ത്യാക്കാരന് എന്നീ നേട്ടങ്ങളും ഡോ. ചെറിയാന്റെ പേരിലുണ്ട്.
‘ജസ്റ്റ് ആന്‍ ഇന്‍സ്ട്രുമെന്റ്’എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. ചെന്നൈയിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കുമെന്നാണ് വിവരം. ഭാര്യ: സെലിന് ചെറിയാന്. മക്കള്‍: സന്ധ്യ ചെറിയാന്, ഡോ. സഞ്ജയ് ചെറിയാന്.