യുപിയിൽ പാസ്റ്റർക്കും ഭാര്യക്കും തടവുശിക്ഷ
Tuesday, January 28, 2025 3:14 AM IST
ലക്നോ: മതപരിവർത്തനം ആരോപിച്ചു നൽകിയ പരാതിയിൽ ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർക്കും ഭാര്യക്കും അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കീഴ്ക്കോടതി.
പത്തനംതിട്ട സ്വദേശി ജോസ് പാപ്പച്ചൻ-ഷീജ ദമ്പതികൾക്കാണ് യുപിയിലെ അംബേദ്കർ നഗർ പ്രത്യേക കോടതി ജഡ്ജി രാം ബിലാസ് സിംഗ് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
അംബേദ്കർ നഗറിലെ ഷാഹ്പുർ ഫിറോസ് ഗ്രാമത്തിലെ ദളിത് വിഭാഗങ്ങളെ കൂട്ടമായി മതം മാറ്റാൻ ശ്രമി ച്ചെന്നും ഇതിനായി മതപരമായ പുസ്തകങ്ങൾ വിതരണം ചെയ്തതിനു തെളിവുണ്ടെന്നും ഉത്തരവിൽ ജഡ്ജി വ്യക്തമാക്കി.
മതപരിവർത്തനം ആരോപിച്ച് ബിജെപി നേതാവും ദളിത് നേതാവുമായ ചന്ദ്രിക പ്രസാദ് 2023ൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. അതേസമയം, ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്നാണ് ദന്പതികൾ വാദിക്കുന്നത്.
യുപിയിൽ യോഗി സർക്കാർ കൊണ്ടുവന്ന ഏറെ വിവാദമായ മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് പാപ്പച്ചനും ഷീജയും.
നിയമവിരുദ്ധമായ മതപരിവർത്തനത്തിനു പുറമെ, 1989ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ട് പ്രകാരവും ദമ്പതികൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ദന്പതികൾക്ക് അപ്പീലിനായി നിയമസഹായം നൽകുമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം അറിയിച്ചു.