വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം
Tuesday, January 28, 2025 3:14 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ 14 മാറ്റങ്ങൾ നിർദേശിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകി. കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം പാടെ തള്ളി. ബിജെപി തീരുമാനിച്ചാൽ ബിൽ ബജറ്റ് സമ്മേളനത്തിൽത്തന്നെ പാസാക്കും.
വഖഫ് ഭേഗഗതി ബിൽ സംബന്ധിച്ച ജെപിസിയുടെ അന്തിമറിപ്പോർട്ട് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ജെപിസി ചെയർമാനും ബിജെപി എംപിയുമായ ജഗദംബിക പാൽ പറഞ്ഞു. ഇന്നലെയായിരുന്നു ജെപിസിയുടെ അവസാന യോഗം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം സമാപിക്കുന്ന ഫെബ്രുവരി 13 വരെ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഏപ്രിൽ നാലിന് സമാപിക്കുന്നതിനു മുന്പായി ലോക്സഭയിലും രാജ്യസഭയിലും ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം. ഇക്കാര്യം ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഡൽഹി നിയമസഭയിലേക്ക് ഫെബ്രുവരി അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വഖഫ് ഭേദഗതി ബില്ലും, ഉത്തരാഖണ്ഡിൽ ഇന്നലെമുതൽ നടപ്പാക്കാൻ തീരുമാനിച്ച ഏകീകൃത സിവിൽ കോഡും ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനു സഹായിക്കുമെന്ന് ബിജെപി കരുതുന്നു.
മുസ്ലിം സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പ് മറികടന്ന് ഭേദഗതി കൊണ്ടുവരുന്നതിലൂടെ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം സാധ്യമാക്കുകയാണു ലക്ഷ്യം.
രാമക്ഷേത്ര നിർമാണം, ജമ്മു കാഷ്മീരിന്റെ അനുച്ഛേദം 370 റദ്ദാക്കൽ, മുത്തലാക്ക് നിർത്തലാക്കൽ, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ ആർഎസ്എസ് അജൻഡകളുടെ തുടർച്ചകൂടിയാണ് വഖഫ് ഭേദഗതി ബിൽ.
രാജ്യത്തെ ശതകോടികളുടെ മുസ്ലിം ചാരിറ്റബിൾ സ്വത്തുക്കൾ (വഖഫ്) നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതും അടക്കമുള്ള കാര്യങ്ങളിൽ ജില്ലാ കളക്ടർമാരുടെ തീരുമാനം ബാധകമാക്കുന്നത് ഉൾപ്പെടെ 44 മാറ്റങ്ങൾ വരുത്താനാണ് വഖഫ് ഭേദഗതി ബില്ലിന്റെ ലക്ഷ്യം.
ജെപിസിയിൽ നിർദേശിച്ച 66 ഭേദഗതികളിൽ ബിജെപിയടക്കം ഭരണകക്ഷി എംപിമാർ കൊണ്ടുവന്ന 14 ഭേദഗതികളാണ് അംഗീകരിച്ചത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ ജെപിസി യോഗത്തിൽ വോട്ടിനിട്ടു തള്ളിയെന്ന് ചെയർമാൻ അറിയിച്ചു. ഭരണപക്ഷത്തിന് 16 വോട്ട് ലഭിച്ചപ്പോൾ പ്രതിപക്ഷത്ത് 10 വോട്ടാണു ലഭിച്ചത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്ന കേരളത്തിലെ മുനന്പം അടക്കമുള്ള പ്രദേശങ്ങളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച വിവാദം കത്തുന്നതിനിടെയാണു ഭേദഗതി ബിൽ പാസാക്കാനുള്ള നീക്കം സജീവമാക്കിയത്.
പുതിയ നിയമപ്രകാരം വഖഫ് കൗണ്സിലിനു മാത്രമായി ഭൂമിയിൽ അവകാശവാദം ഉന്നയിക്കാനാകില്ല. ജില്ലാ കളക്ടറുടെ തീർപ്പിനു വിധേയമാകും വഖഫ് സ്വത്തുക്കൾ. വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനും പുതിയ ഭേദഗതി അവകാശം നൽകുന്നു.
പ്രതിഷേധവുമായി പ്രതിപക്ഷം
വഖഫ് ബോർഡുകളുടെ ഭരണത്തിൽ കുറഞ്ഞത് രണ്ട് അമുസ്ലിംകളെയും സ്ത്രീകളെയും നാമനിർദേശം ചെയ്യുന്നതുൾപ്പെടെയുള്ള ഭേദഗതികൾ ന്യൂനപക്ഷാവകാശങ്ങള്ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
മതസ്വാതന്ത്ര്യത്തിനു നേരേ നേരിട്ടുള്ള ആക്രമണമാണു ബില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ജെപിസി പ്രഹസനമായിരുന്നുവെന്നും അധ്യക്ഷൻ ഏകപക്ഷീയമായാണു പ്രവർത്തിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞദിവസം പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ ഒരു ദിവസത്തേക്ക് ജെപിസിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
എല്ലാവരെയും കേൾക്കാൻ ശ്രമിച്ചു
ആറു മാസം നീണ്ട ചർച്ചകളിൽ എല്ലാവരെയും കേൾക്കാൻ ശ്രമിച്ചുവെന്നും ഭേദഗതികൾ നിർദേശിക്കാൻ മതിയായ സമയം നൽകിയെന്നും ജെപിസി ചെയർമാൻ പറഞ്ഞു.
ജനാധിപത്യപരമായാണു നടപടികൾ പൂർത്തീകരിച്ചത്. കഴിഞ്ഞവർഷം പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ- 2024 കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ജെപിസിക്കു വിട്ടത്.