നടി മമത കുല്‍ക്കര്‍ണി സന്യാസദീക്ഷ സ്വീകരിച്ചു
Wednesday, January 29, 2025 3:40 AM IST
ലക്നോ: ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു. പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലെത്തി പുണ്യസ്നാനം നടത്തിയശേഷമാണ് 52കാരിയായ നടി കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ചത്. മമത കുല്‍ക്കര്‍ണി എന്ന പേരിനുപകരം ശ്രീ യമായ് മമ്ത നാന്ദ്ഗിരി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
താന്‍ ആത്മീയപാതയിലാണെന്നും ഗുരു ഗഗന് ഗിരി മഹാരാജ് തന്നെ ആത്മീയപാതയിലേക്ക് നയിച്ചെന്നും 1996ൽ ഒരു അഭിമുഖത്തില്‍ മമത വെളിപ്പടുത്തിയിരുന്നു. പേരും പദവിയും പ്രശസ്തിയും നല്‍കിയത് ബോളിവുഡ് ആണെന്നും എന്നാല്‍ ആത്മീയവിളി എത്തിയതോടെ സിനിമ ഉപേക്ഷിച്ചെന്നും 2000 മുതല്‍ 2012 വരെ താന്‍ കടുത്ത ആചാരനിഷ്ഠകളോടെയാണു ജീവിക്കുന്നതെന്നും നടി പറഞ്ഞിരുന്നു.
അതേസമയം, നടി സന്യാസദീക്ഷ സ്വീകരിച്ചതു ചോദ്യം ചെയ്ത് യോഗാചാര്യൻ ബാബാ രാംദേവ് ഉൾപ്പെടെ നിരവധി സന്യാസിമാർ രംഗത്തെത്തി. മഹാകുംഭമേള മഹനീയമായൊരു പുണ്യാഘോഷമാണെന്നും ചിലര്‍ ഇതിനെ മറ്റു തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മഹാകുംഭമേളയുടെ യഥാര്‍ഥ സത്ത ഇതല്ലെന്നും ബാബ രാംദേവ് പറഞ്ഞു.
ഇന്നലെവരെ ലൗകിക സുഖങ്ങളില്‍ മുഴുകിയവര്‍ ഒരുദിവസം സന്യാസിമാരായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ഒറ്റ ദിവസം കൊണ്ട് അവര്‍ക്ക് മഹാമണ്ഡലേശ്വര്‍ പദവി വരെ ലഭിക്കുന്നു- രാംദേവ് ആരോപിച്ചു.
യഥാര്‍ഥ സന്യാസീചൈതന്യമുള്ളവര്ക്കു മാത്രമേ മഹാമണ്ഡലേശ്വര്‍ പദവി നല്‍കാവൂവെന്ന് ബാഗേശ്വര്‍ ധാമിലെ പീതാധീശ്വര്‍ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു. ബാഹ്യസ്വാധീനത്തില്‍ ഒരാളെ എങ്ങനെ സന്യാസിയോ മഹാമണ്ഡലേശ്വരനോ ആക്കുമെന്നും തനിക്കിതുവരെ മഹാമണ്ഡലേശ്വരനാകാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെക്കാലമായി സിനിമാ മേഖലയിൽനിന്നു വിട്ടുനിൽക്കുന്ന മമത വിവാഹശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ഈ മാസമാദ്യമാണ് ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരേയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു.
2016ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.
1991ല്‍ സിനിമയിലെത്തിയ മമത കുല്‍ക്കര്‍ണിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഷാരൂഖ് ഖാനും സല്മാന് ഖാനും ഒന്നിച്ച "കരണ്‍ അര്ജുന്’ ആണ്. 1999ല്‍ കുഞ്ചാക്കോ ബോബന് നായകനായ "ചന്ദാമാമ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.