"സുരക്ഷാഭീഷണി ആശങ്ക മാത്രം'; മുല്ലപ്പെരിയാറിൽ സുപ്രീംകോടതി പരാമർശം
Wednesday, January 29, 2025 3:41 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്ന പരാമർശവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഋഷികേശ് റോയ്. ഡാമിന്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് സമർപ്പിച്ച ഹർജി പരിഗണിക്കുന്പോഴാണ് ജഡ്ജി ഇത്തരമൊരു പ്രസ്താവന നടത്തിയത്.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളസർക്കാർ അടക്കം സമർപ്പിച്ച ഹർജികൾ കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ പരിഗണയിലുണ്ട്. ഇവയ്ക്കൊപ്പം ജോ ജോസഫിന്റെ ഹർജി പരിഗണിക്കുമെന്ന് വ്യക്തമാക്കുന്നതിനിടയിലായിരുന്നു ജഡ്ജിയുടെ പരാമർശം.
മണ്‍സൂണ്‍ കാലം അടുക്കുന്നതോടെ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയതോടെ 130 വർഷത്തെ മണ്‍സൂണ്‍ ഡാം അതിജീവിച്ചുവെന്നും സുരക്ഷ സംബന്ധിച്ച വിഷയം ആശങ്ക മാത്രമാണെന്നും ജസ്റ്റീസ് ഋഷികേശ് പറഞ്ഞു.
ഡാമിന് സുരക്ഷാഭീഷണി ഉണ്ടെന്ന് പറയുന്പോഴും താൻ ആ ഭീഷണിക്കു കീഴിൽ രണ്ടര വർഷത്തോളം കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാഭീഷണി നേരിട്ട 15 ലക്ഷത്തിൽ ഒരാളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം കേസ് പരിഗണിച്ച ജസ്റ്റീസ് എസ്.വി. ഭട്ടിയും നാലര വർഷത്തോളം കേരളത്തിൽ സേവനമനുഷ്ഠിച്ചതായും ജസ്റ്റീസ് ഋഷികേശ് വ്യക്തമാക്കി.