മുല്ലപ്പെരിയാർ: സുരക്ഷാ പരിശോധന നടത്താൻ കഴിയില്ലെന്ന് ദേശീയ ഡാം സുരക്ഷാ അഥോറിറ്റി
Saturday, November 30, 2024 2:03 AM IST
ന്യൂഡൽഹി: ഡാം സുരക്ഷാ നിയമപ്രകാരം അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്വം അതത് ഡാമുകളുടെ ഉടമസ്ഥരായ സംസ്ഥാനങ്ങൾക്കാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം.
മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന അതിനാൽ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു (എൻഡിഎസ്എ) നടത്താൻ കഴിയില്ലെന്നും ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ് ചൗധരി നൽകിയ മറുപടിയിൽ വ്യക്തമാക്കി.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനു കനത്ത തിരിച്ചടി നൽകുന്നതാണ് കേന്ദ്രത്തിന്റെ മറുപടി. മുല്ലപ്പെരിയാർ കേരളത്തിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണ്.
ഡാമിന്റെ സുരക്ഷാപരിശോധനയ്ക്കു നിലവിൽ മേൽനോട്ട സമിതിയുണ്ടെങ്കിലും എൻഡിഎസ്എ നൽകിയ മറുപടിയിലൂടെ വ്യക്തമാകുന്നത് മുല്ലപ്പെരിയാറിന്റെ സമഗ്രമായ സുരക്ഷാപരിശോധനയുടെ ഉത്തരവാദിത്വവും ഉടമസ്ഥരായ തമിഴ്നാടിനാണെന്നാണ്.
ഡാമിന്റെ മേൽനോട്ടത്തിന് നിലവിലുള്ള സമിതിയുടെ മുഴുവൻ ഉത്തരവാദിത്വവും കാലക്രമേണ എൻഡിഎസ്എക്ക് നൽകപ്പെടും എന്ന 2022ലെ സുപ്രീംകോടതി വിധിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.