കസവുടുത്ത്, ഭരണഘടന മുറുകെപ്പിടിച്ച് പ്രിയങ്ക
Friday, November 29, 2024 3:53 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഇനി കേരളത്തിന്റെ ഏക വനിതാ എംപി. വയനാട്ടിൽനിന്ന് നാലു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച പ്രിയങ്ക ഇന്നലെ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
മിനിറ്റുകൾക്കകം സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയോടൊപ്പം അദാനി, മണിപ്പുർ, സംബാൽ, വയനാടിനു പ്രത്യേക സഹായം തുടങ്ങിയ പ്രശ്നങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ നടത്തിയ പ്രതിഷേധത്തിൽ പ്രിയങ്കയും സജീവമായി.
കസവ് കരയുള്ള ഓഫ് വൈറ്റ് സാരിയുടുത്ത് മലയാളി വേഷത്തിലാണു പ്രിയങ്ക ലോക്സഭയിലെത്തിയത്. ഭരണഘടനയുടെ ചുവപ്പ് ബൈൻഡിംഗുള്ള ചെറിയ കോപ്പി ഒരു കൈയിൽ ഉയർത്തിപ്പിടിച്ചായിരുന്നു ദൃഢപ്രതിജ്ഞ. പിന്നാലെ മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസിലെ രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്ത് ലോക്സഭാംഗമായി.
പ്രിയങ്കകൂടി എത്തിയതോടെ, പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി നെഹ്റു-ഗാന്ധി കുടുംബത്തിലെ മൂന്നുപേർ ഒരേസമയം പാർലമെന്റിൽ അംഗങ്ങളായി. രാഹുലും പ്രിയങ്കയും ലോക്സഭയിലും അമ്മ സോണിയ ഗാന്ധി രാജ്യസഭയിലും ഒരേസമയമുണ്ടാകും.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്കുവേണ്ടി റായ്ബറേലിയിലും രാഹുൽ ഗാന്ധിക്കുവേണ്ടി അമേഠിയിലും പ്രചാരണം നടത്തിയതിന് 20 വർഷങ്ങൾക്കുശേഷമാണ് പ്രിയങ്കയുടെ പാർലമെന്റിലേക്കുള്ള കന്നിപ്രവേശനം.