ന്യൂനപക്ഷ സംരക്ഷണം: ബംഗ്ലാദേശിന് ഇന്ത്യയുടെ താക്കീത്
Saturday, November 30, 2024 2:03 AM IST
ന്യൂഡൽഹി: ഹിന്ദുക്കൾ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ.
ഹരേ കൃഷ്ണ പ്രസ്ഥാനം എന്നറിയപ്പെടുന്ന ഇസ്കോണിനെ നിരോധിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന അക്രമങ്ങൾ സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുകയെന്നതാണ് ആ സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ധാക്കയിലെ ഇന്ത്യൻ എംബസി സസൂക്ഷ്മം നിരീക്ഷിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സംരക്ഷണമെന്ന ഉത്തരവാദിത്വം കാത്തുസൂക്ഷിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയാറാകണമെന്ന് രൺധീർ ജയ്സ്വാളും പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമങ്ങൾ വർധിക്കുകയാണെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് തള്ളിക്കളയാവുന്നതല്ല.
ഇസ്കോൺ സാമൂഹ്യസേവന മേഖലയിൽ ആഗോളതലത്തിൽ അറിയപ്പെടുന്ന സംഘടനയാണെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. വ്യക്തികൾക്കെതിരേയുള്ള പ്രശ്നങ്ങളിൽ നിയമനടപടികൾ ശരിയായ രീതിയിൽ പൂർത്തിയാക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.