ഹേമന്ത് സോറൻ അധികാരമേറ്റു
Friday, November 29, 2024 3:53 AM IST
റാഞ്ചി: ജാർഖണ്ഡിന്റെ പതിനാലാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ മൊറാബാദി മൈതാനത്തു നടന്ന ചടങ്ങിൽ ഗവർണർ സന്തോഷ്കുമാർ ഗംഗ്വാറിനു മുന്പാകെയാണ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എഎപി നേതാവ് അരവിന്ദ് കേജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സിപിഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
നാലാം തവണയാണ് ഹേമന്ത് സോറൻ(49) ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. ബാർഹെയ്ത് മണ്ഡലത്തിൽനിന്നാണു സോറൻ തെരഞ്ഞെടുക്കപ്പെട്ടത്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ സോറന് 56 പേരുടെ പിന്തുണയുണ്ട്.