രണ്ടാംപാദ ജിഡിപി വളർച്ചയിൽ വൻ ഇടിവ്
Saturday, November 30, 2024 2:03 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പു സാന്പത്തികവർഷത്തെ രണ്ടാംപാദത്തിൽ (ജൂലൈ- സെപ്റ്റംബർ) 5.4 ശതമാനമായി ഇടിഞ്ഞു.
നിർമാണ, മൈനിംഗ് മേഖലയിലുണ്ടായ മോശം പ്രകടനമാണ് ഈ പാദത്തിലെ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) വളർച്ചയെ ബാധിച്ചത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ഇന്നലെയാണ് കണക്കുകൾ പുറത്തുവിട്ടത്.
ഏപ്രിൽ-ജൂണ് പാദത്തിൽ 6.7 ശതമാനവും കഴിഞ്ഞ വർഷം (2023-24) ഇതേ കാലയളവിലെ 8.1 ശതമാനമായിരുന്നു വളർച്ച. 2022-2023 സാന്പത്തികവർഷത്തിലെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) 4.3 ശതമാനം രേഖപ്പെടുത്തിയശേഷം ഏറ്റവും താഴ്ന്ന വളർച്ചയാണ് കഴിഞ്ഞ പാദത്തിലേത്. ഈ വർഷം ഏഴു ശതമാനത്തിന് മുകളിൽ റിസർവ് ബാങ്ക് അടക്കം വളർച്ച പ്രഖ്യാപിച്ചിടത്താണ് രണ്ടാംപാദത്തിലെ കൂപ്പുകുത്തൽ.
കണക്കുകൾ ഇങ്ങനെയാണെങ്കിലും ചൈനയുടെ ജിഡിപി വർധന ജൂലൈ-സെപ്റ്റംബർ പാദത്തിൽ 4.6 ശതമാനമായതിനാൽ ഇന്ത്യ അതിവേഗം വളരുന്ന സാന്പത്തികശക്തിയായി തുടരുന്നു.
സാന്പത്തിക പ്രവർത്തനം അളക്കുന്ന ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) 5.6% ഉയർന്നു. ജിവിഎയുടെ വർധന മുൻവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 7.7 ശതമാനത്തേക്കാൾ വളരെക്കുറവാണ്. കഴിഞ്ഞ പാദത്തിലിത് 6.8 ശതമാനമായിരുന്നു.
ഈ പാദത്തിലെ മേഖല അടിസ്ഥാനമാക്കിയുള്ള പ്രകടനം സമ്മിശ്രമാണ്്. കാർഷിക മേഖലയിൽ 3.5 ശതമാനത്തിന്റെ വളർച്ചയുണ്ടായി. മുൻപാദത്തിൽ രണ്ടു ശതമാനവും മുൻ വർഷം ഇതേ കാലയളവിൽ 1.7 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഖനന മേഖല -0.1 ശതമാനത്തിലേക്കു ചുരുങ്ങി. മുൻ വർഷത്തിൽ 11.1% വളർച്ചയിൽനിന്നും ഈ സാന്പത്തിക വർഷത്തെ ആദ്യപാദത്തിലെ 7.2% വളർച്ചയിൽനിന്നുമാണ് കുത്തനെ ഇടിഞ്ഞത്.
നിർമാണമേഖലയിലെ വളർച്ച 2.2 ശതമാനമാണ് താഴ്ന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 14.3 ശതമാനമാണ് ഉയർന്നത്. മുൻപാദത്തിൽ വളർച്ച 7.7 ശതമാനമായിരുന്നു. ഇലക്ട്രിസിറ്റി വിഭാഗത്തിലും ഇടിവുണ്ടായി.
കെട്ടിടനിർമാണമേഖല 7.7% വളർച്ച രേഖപ്പെടുത്തിയെങ്കിലും ഒരു വർഷം മുന്പുള്ള 13.6% വളർച്ചയേക്കാൾ കുറവാണ്. ആദ്യപാദത്തിൽ 10.5 ശതമാനമായിരുന്നു. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം എന്നിവയിൽ ചെറിയ തോതിൽ ഉയർച്ചയുണ്ടായി. കയറ്റുമതിയിൽ 2.8% വളർച്ചയുണ്ടായി.