വിവരാവകാശ നിയമം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം: സുപ്രീംകോടതി
Saturday, November 30, 2024 2:03 AM IST
ന്യൂഡൽഹി: പൊതുസ്ഥാപനം എന്ന നിർവചനത്തിൻകീഴിൽ സർക്കാർ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളജുകളും ഉൾപ്പെടുമെന്ന് സുപ്രീംകോടതി.
വിവരാവകാശ നിയമത്തിനു കീഴിൽ എയ്ഡഡ് കോളജുകളും വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു തിരുവനന്തപുരം ചെന്പഴന്തി എസ്എൻ കോളേജ് സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് മടി കാണിക്കുന്നതെന്നും കോടതി ചോദിച്ചു.
പൊതുഫണ്ട് ഉപയോഗിച്ചാണ് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അതിനാൽ നിയമത്തിന്റെ പരിധിയിൽ കോളജുകൾ ഉൾപ്പെടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജീവനക്കാർക്കുള്ള ശന്പളം മാത്രമാണു സർക്കാർ നൽകുന്നതെന്നും അടിസ്ഥാനസൗകര്യങ്ങളും സ്ഥാപനത്തിനാവശ്യമായ വസ്തുക്കളും നൽകുന്നത് മാനേജ്മെന്റാണെന്നുമായിരുന്നു കോളജിന്റെ വാദം. എന്നാൽ, ഈ വാദം അംഗീകരിക്കാതിരുന്ന കോടതി വിവരാവകാശ നിയമത്തിനു കീഴിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടുമെന്ന് ഉത്തരവിടുകയിരുന്നു.