വഖഫ് ഭേദഗതി ബിൽ: ജെപിസി കാലാവധി നീട്ടുന്നതിന് ലോക്സഭാ അംഗീകാരം
Friday, November 29, 2024 3:53 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) കാലാവധി നീട്ടാൻ ലോക്സഭ അംഗീകാരം നൽകി.
അടുത്ത ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസംവരെ കാലാവധി നീട്ടാനുള്ള പ്രമേയത്തിനാണ് ലോക്സഭ ഇന്നലെ അംഗീകാരം നൽകിയത്. സമിതി അധ്യക്ഷനും ബിജെപി എംപിയുമായ ജഗദംബിക പാൽ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി.
പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനം മുതൽ വഖഫ് വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദമായിരുന്നു. ജെപിസി യോഗങ്ങളിലും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കാലുള്ള ഏറ്റുമുട്ടൽ പതിവായിരുന്നു.
സമിതിയുടെ കരട് റിപ്പോർട്ട് തയാറാണെന്ന് വ്യക്തമാക്കിയതിന് ബുധനാഴ്ച കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ വാക്കൗട്ട് നടത്തുകയും ചെയർമാനെ വിമർശിക്കുകയും ചെയ്തു. തുടർന്ന് ജെപിസിയുടെ കാലാവധി നീട്ടാനുള്ള സന്നദ്ധത ഭരണപക്ഷം അറിയിക്കുകയായിരുന്നു.