ബംഗളൂരുവിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവ് പിടിയിൽ
Saturday, November 30, 2024 2:03 AM IST
ബംഗളൂരു: ഇന്ദിരാ നഗറിൽ ആസാംകാരിയായ വ്ലോഗറെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ തോട്ടട കിഴുന്ന കക്കാരയ്ക്കൽ ആരവ് ഹാനോയ് (23) പോലീസ് പിടിയിൽ.
കർണാടക പോലീസ് കാശിയിൽനിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്നു കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ മായാ ഗഗോയി (19) യെ കണ്ടെത്തിയത്.
വിവരം പുറത്തുവന്നതിനു പിന്നാലെ ബംഗളൂരു പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിൽ ഒരു സംഘം കഴിഞ്ഞ ദിവസം കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്റെ വീട്ടിലും ബന്ധുവീട്ടിലും അന്വേഷണം നടത്തിയെങ്കിലും ഒരു തുന്പും കിട്ടിയിരുന്നില്ല.
കൊല നടത്തിയശേഷം ട്രെയിൻ മാർഗം കാശിയിലേക്കു പോയ ആരവ് രണ്ടുനാൾ അവിടെ കറങ്ങിയശേഷം മൊബൈൽ ഓണാക്കി സൃഹൃത്തിനെ വിളിച്ച് ഭക്ഷണം കഴിക്കാൻപോലും പണമില്ലെന്ന് അറിയിച്ചു. സുഹൃത്ത് 7,000 രൂപ അയച്ചുകൊടുക്കുകയും അതിനുശേഷം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ആറു മാസമായി ആരവും മായയും പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം സഹോദരിയോടു പറഞ്ഞിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പോലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചെന്ന് കണ്ടെത്തിയിരുന്നു.
ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്. പരസ്പരമുള്ള അഭിപ്രായഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നൽകുന്ന വിവരം.
മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരം ഇന്നു പുറത്തുവരുന്നതോടുകൂടി ആരവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെയും കൊലപ്പെടുത്താനുളള കാണമെന്താണെന്നു വ്യക്തമാകും.