പാർലമെന്റ് കാന്റീനിൽ കുശലം പറഞ്ഞ് രാഹുലും പ്രിയങ്കയും
Saturday, November 30, 2024 1:18 AM IST
ന്യൂഡൽഹി: ലോക്സഭാംഗമായതിന്റെ രണ്ടാം ദിനത്തിൽ സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പം പാർലമെന്റ് കാന്റീനിലെത്തി എംപിമാരുമായി കുശലം പറഞ്ഞ് പ്രിയങ്ക ഗാന്ധി വദ്ര ശ്രദ്ധേയയായി.
അദാനി, മണിപ്പുർ, സംബാൽ പ്രശ്നത്തിൽ പാർലമെന്റ് നടപടികൾ വീണ്ടും സ്തംഭിച്ചതിനു പിന്നാലെയാണ് രാഹുലും പ്രിയങ്കയും പാർലമെന്റിലെ കാന്റീനിലെത്തി എംപിമാരോടൊപ്പം അര മണിക്കൂറിലേറെ സമയം ചെലവഴിച്ചത്.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, മുതിർന്ന മന്ത്രിമാർ തുടങ്ങിയവർ കാന്റീനിലെത്തി എംപിമാരോടൊപ്പം ഭക്ഷണം കഴിക്കുക പതിവില്ല. എന്നാൽ ഇന്നലെ രാഹുലും പ്രിയങ്കയും കാന്റീനിലെത്തി അവിടെയുണ്ടായിരുന്ന എല്ലാവരോടും കുശലം പറയാനും കോണ്ഗ്രസ് എംപിമാരുമായി ഏറെസമയം സംഭാഷണം നടത്താനും തയാറായത് എംപിമാർക്ക് നവ്യാനുഭവമായി. വയനാട് എംപിയായ പ്രിയങ്ക കൂടുതൽ ജനകീയമാകുമെന്നതിന്റെ സൂചനകൂടിയായിരുന്നു ഇത്.
കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി, ഹൈബി ഈഡൻ അടക്കം കേരള എംപിമാരും ചർച്ചകളിൽ പങ്കെടുത്തു.
പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിലെത്തി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളും കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും എംപിമാരും മുതിർന്ന പത്രപ്രവർത്തകരുമായി ഇടയ്ക്കെങ്കിലും സംവദിക്കുമായിരുന്നു.
എന്നാൽ പുതിയ പാർലമെന്റിൽ സെൻട്രൽ ഹാൾ ഇല്ലാതാക്കിയതോടെ പാർലമെന്ററി ജനാധിപത്യത്തിന്റെ സത്തയായ ഇത്തരം ചർച്ചകൾ വിരളമായി.