പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
Saturday, November 30, 2024 2:03 AM IST
അഹമ്മദാബാദ്: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ഗുജറാത്ത് സ്വദേശി പിടിയിലായി. ഗുജറാത്തിലെ ദ്വാരക ജില്ലയിൽപ്പെട്ട ഓഖ സ്വദേശി ദിപേഷ് ഗോഹിൽ (33) ആണ് സംസ്ഥാന ഭീകരവിരുദ്ധ സേന (എടിഎസ്) യുടെ പിടിയിലായത്. ഇന്ത്യൻ തീരസംരക്ഷണ സേനാ ബോട്ടുകളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്ഥാനു ചോർത്തിക്കൊടുത്തതിനാണ് അറസ്റ്റ്.
ഓഖ തുറമുഖത്ത് പ്രതിരോധസേനയുടെ ബോട്ടിൽ കഴിഞ്ഞ മൂന്നു വർഷമായി വെൽഡിംഗ്, ഫർണിച്ചർ, ഇലക്ട്രിക്കൽ ജോലികൾ കോൺട്രാക്ട് വ്യവസ്ഥയിൽ ചെയ്തുവരികയായിരുന്നു ഇയാൾ. വിവരങ്ങൾ കൈമാറുന്നതിന് പാക്കിസ്ഥാനിലെ ഏജന്റ് ഇയാൾക്ക് ദിവസം 200 രൂപ വീതമായിരുന്നു നൽകിയിരുന്നത്.
ഇത്തരത്തിൽ ഇയാൾ ഇതുവരെ 42000 രൂപ പാക്കിസ്ഥാനി ഏജന്റിൽനിന്നു കൈപ്പറ്റിയിട്ടുണ്ടെന്ന് എടിഎസ് കണ്ടെത്തി. സാഹിമ എന്നപേരിൽ ഫേസ്ബുക്കിലൂടെ ദിപേഷുമായി പരിചയപ്പെട്ട പാക്കിസ്ഥാനി ഏജന്റ് പിന്നീട് വാട്സ് ആപ് വഴിയും ബന്ധം പുലർത്തിവന്നിരുന്നു.
ബോട്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പാക്കിസ്ഥാനുമായി പങ്കിടുന്നതായി തങ്ങൾക്കു വിവരം ലഭിച്ചുവെന്നും അന്വേഷണത്തിനൊടുവിൽ ഓഖ സ്വദേശിയായ ദിപേഷ് ഗോഹിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഗുജറാത്ത് എടിഎസ് ഓഫീസർ കെ. സിദ്ധാർഥ് പറഞ്ഞു.