ഇഎസ്എ: കേരളത്തിന്റെ പശ്ചാത്തലം പ്രത്യേകം പരിഗണിക്കുമെന്ന് കേന്ദ്രം
Friday, November 29, 2024 3:53 AM IST
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പരിസ്ഥിതിലോല മേഖല (ഇഎസ്എ) നിശ്ചയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനത്തിൽ കേരളത്തിന്റെ പശ്ചാത്തലം പ്രത്യേകം പരിഗണിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്.
കേരളത്തിൽ 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയിൽ ഉൾപ്പെടുന്നതെന്ന് രേഖപ്പെടുത്തി സംസ്ഥാന സർക്കാർ ഈ മാസം രണ്ടിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്ക് അന്തിമറിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
നിലവിൽ വിഷയം കമ്മിറ്റിയുടെ പരിഗണനയിലാണ്. ദുരന്തസാധ്യതയും ആവാസവ്യവസ്ഥയുടെ സംരക്ഷണവും കണക്കിലെടുത്തും അതിനൊപ്പം മേഖലയുടെ വികസനതാത്പര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുമാണ് കമ്മിറ്റി തീരുമാനമെടുക്കുക. കമ്മിറ്റി റിപ്പോർട്ട് ലഭിച്ചയുടൻ ആദ്യ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങൾക്കായും പ്രത്യേക വിജ്ഞാപനം ഇറക്കുന്ന കാര്യം മന്ത്രാലയം പരിഗണിക്കുന്നുണ്ട്. നിലവിലെ പരിസ്ഥിതിലോല മേഖലയിൽനിന്ന് 1403.01 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കാനാണു കേരളം ശിപാർശ ചെയ്തിരിക്കുന്നത്.