ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അന്തർവാഹിനിയിൽ നിന്ന് നടത്തി
Friday, November 29, 2024 2:59 AM IST
ന്യൂഡൽഹി: ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം അന്തർവാഹിനിയിൽ നടത്തി ഇന്ത്യൻ നാവികസേന. 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ-4 മിസൈൽ, പുതുതായി കമ്മീഷൻ ചെയ്ത ആണവോർജ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാതിൽനിന്നാണു വിക്ഷേപിച്ചത്.
ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണം തീരത്താണു മിസൈൽ പരീക്ഷണം നടന്നത്. നാവികസേനയുടെ ആണവ പ്രതിരോധശേഷി അളക്കുന്നതിൽ നിർണായകമായ ഈ പരീക്ഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പങ്കുവച്ചിട്ടില്ല.
അന്തർവാഹിനിയിൽനിന്നു വിക്ഷേപിച്ച മിസൈൽ പരീക്ഷണം വിജയമായോയെന്നു വിശദമായി പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. 6000 ടണ്‍ ഭാരമുള്ള ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാത് കഴിഞ്ഞ ഓഗസ്റ്റിലാണു കമ്മീഷൻ ചെയ്തത്. 2016ൽ കമ്മീഷൻ ചെയ്യപ്പെട്ട ഇന്ത്യയുടെ ആദ്യ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാതിൽ 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 മിസൈലുകൾ മാത്രമാണു വിക്ഷേപിക്കാൻ സാധിച്ചിരുന്നത്.
ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കെ-4 മിസൈൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷ(ഡിആർഡിഒ)നാണു വികസിപ്പിച്ചെടുത്തത്.
നിലവിൽ റഷ്യ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് അന്തർവാഹിനികളിൽനിന്നു വിക്ഷേപിക്കാൻ കഴിയുന്ന 5000 കിലോമീറ്ററിലേറെ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകളുണ്ട്.