പിഎഫ്ഐക്കാരുടെ ജാമ്യം: ഹൈക്കോടതിക്ക് വീഴ്ച സംഭവിച്ചെന്നു സുപ്രീംകോടതി
Saturday, November 30, 2024 2:03 AM IST
ന്യൂഡൽഹി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതിക്ക് വീഴ്ച സംഭവിച്ചെന്നു സുപ്രീംകോടതി.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ ഓരോരുത്തരുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണു ഹൈക്കോടതി നടപടിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി പ്രതികൾക്ക് ഇന്നലെ നോട്ടീസ് അയച്ചു. അടുത്ത മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ജൂണിലാണ് പ്രതികൾക്കു ഹൈക്കോടതി ജാമ്യം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട കേസിലും ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലുമായിരുന്നു ജാമ്യം അനുവദിച്ചത്.
ജാമ്യത്തെ എൻഐഎ പൂർണമായും എതിർത്തിരുന്നു. ശ്രീനിവാസൻ വധക്കേസിലെ ഒന്പത് പ്രതികൾക്കും പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട കേസിലെ എട്ടുപേർക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രതി ചേർത്തവർക്കാണു കോടതി ജാമ്യം അനുവദിച്ചത്.