മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ അടുത്തയാഴ്ച
Saturday, November 30, 2024 2:03 AM IST
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അടുത്ത വ്യാഴാഴ്ച അധികാരത്തിലേറുമെന്നു റിപ്പോർട്ട്. എന്നാൽ ഫലപ്രഖ്യാപനം വന്ന് ആറു ദിവസമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല.ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാനാണു കൂടുതൽ സാധ്യത.
വ്യാഴാഴ്ച രാത്രി ഏക്നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. വകുപ്പുകൾ സംബന്ധിച്ചാണ് ചർച്ച നടത്തിയതെന്നാണു മഹായുതി വൃത്തങ്ങൾ പറയുന്നത്.
ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാൻ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ബിജെപിക്കുള്ളിൽ തർക്കം തുടരുകയാണെന്നാണ് റിപ്പോർട്ട്. ബ്രാഹ്മണനായ ഫഡ്നാവിസിന് ആർഎസ്എസിന്റെ പിന്തുണയുണ്ട്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, ചന്ദ്രകാന്ത് പാട്ടീൽ, ആശിഷ് ഷേലർ, നാരായണ് റാണെ തുടങ്ങിയവരാണ് മറാഠ വിഭാഗത്തിൽനിന്നുള്ള പ്രമുഖ ബിജെപി നേതാക്കൾ. ഏക്നാഥ് ഷിൻഡെയും അജിത് പവാറും മറാഠക്കാരാണ്. മഹാരാഷ്ട്രയിലെ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും മഠാഠ വിഭാഗക്കാരായിരുന്നു.
മന്ത്രിമാരുടെ അന്തിമപട്ടികയുമായി തിങ്കളാഴ്ച ഷിൻഡെ, ഫഡ്നാവിസ്, അജിത് പവാർ എന്നിവർ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉപേക്ഷിച്ച ഏക്നാഥ് ഷിൻഡെ ആഭ്യന്തരം, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആവശ്യപ്പെടുന്നുണ്ട്. ഷിൻഡെ ഉപമുഖ്യന്ത്രിയാകില്ലെന്നും പകരം മറ്റൊരു ശിവസേനാ നേതാവിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണു അറിയുന്നത്. ഉപമുഖ്യമന്ത്രിയാകാൻ പാർട്ടിക്കുള്ളിൽനിന്നു ഷിൻഡെയ്ക്കു സമ്മർദമുണ്ട്.
എന്നാൽ, രണ്ടര വർഷം മുഖ്യമന്ത്രിയായിരുന്ന ഷിൻഡെ ഉപമുഖ്യമന്ത്രിയാകുന്നതു ശരിയല്ലെന്നു വാദിക്കുന്നവരും ശിവസേനയിലുണ്ട്. ഏക്നാഥ് ഷിൻഡെ ഇന്നു വൈകുന്നേരത്തോടെ സുപ്രധാന തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷീർസാത് പറഞ്ഞു.
ഏക്നാഥ് ഷിൻഡെ ജന്മഗ്രാമത്തിൽ
ഇന്നലെ മുംബൈയിൽ ചേരാനിരുന്ന മഹായുതി യോഗം റദ്ദാക്കി. ഇന്നലെ രാവിലെ ഡൽഹിയിൽനിന്നു മുംബൈയിലെത്തിയ ഏക്നാഥ് ഷിൻഡെ സത്താറ ജില്ലയിലെ ജന്മഗ്രാമമായ ദാരേയിലേക്കു പോയി. മഹായുതി സഖ്യകക്ഷികളുടെ യോഗം ഞായറാഴ്ച ചേർന്നേക്കുമെന്നാണു സൂചന.