അദാനി, സംബാൽ, മണിപ്പുർ ; നാലാം ദിനവും പാർലമെന്റ് ബഹളമയം
Saturday, November 30, 2024 2:03 AM IST
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.
അദാനി, സംബാൽ, മണിപ്പുർ വിഷയങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നൽകിയ നോട്ടീസ് സർക്കാർ ചർച്ചയ്ക്കെടുക്കാൻ തയാറാകാതിരുന്നതോടെയാണ് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.
തുടർച്ചയായ പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷം തെറ്റായ കീഴ്വഴക്കമാണു സൃഷ്ടിക്കുന്നതെന്ന് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ വിമർശിച്ചു. സഭകൾ ഇനി തിങ്കളാഴ്ച വീണ്ടും സമ്മേളിക്കും.
ലോക്സഭയിൽ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾത്തന്നെ അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളികൾ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു.
പിന്നീട് വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാൽ സഭ പിരിയുകയായിരുന്നു. അദാനി, സംബാൽ, മണിപ്പുർ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ലഭിച്ച 17 അടിയന്തരപ്രമേയങ്ങളാണ് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളിയത്.
വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായതോടെ സഭാ നടപടികൾ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽത്തന്നെ രാജ്യസഭാധ്യക്ഷൻ സഭ പിരിച്ചുവിടുകയായിരുന്നു. അദാനി, സംബാൽ, മണിപ്പുർ വിഷയങ്ങൾ ചർച്ചയ്ക്കെടുക്കാതെ സർക്കാർ ഓടിയൊളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ ആരോപിച്ചു.