ഇവിഎമ്മുകൾ തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു: ഖാർഗെ
Saturday, November 30, 2024 2:03 AM IST
ന്യൂഡൽഹി: ഇവിഎമ്മുകൾ തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നുവെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
നീതിയുക്തമായ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.ന്യൂഡൽഹിയിൽ നടന്ന കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികൾക്കുപിന്നാലെ തോൽവികളിൽനിന്നു പാഠം പഠിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സംഘടനയുടെ അടിത്തട്ട് മുതൽ ബ്ലോക്ക്, ജില്ലാ, എഐസിസി തലംവരെ സന്പൂർണ മാറ്റം കൊണ്ടുവരണം.
പാർട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളും സ്വന്തം പാർട്ടി നേതാക്കൾക്കെതിരേയുള്ള പ്രസ്താവനകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. അതിനാൽത്തന്നെ പ്രവർത്തകർ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
തിരിച്ചടികളിൽനിന്നു കരകയറാൻ കടുത്ത തീരുമാനങ്ങൾ അനിവാര്യമാണ്. മാറുന്ന സമയത്തോടൊപ്പം പാർട്ടിയും മാറ്റങ്ങൾ കൊണ്ടുവരണം.
ഈ രാജ്യം നിർമിച്ചതു കോണ്ഗ്രസ് പാർട്ടിയാണ്. രാജ്യത്തെ ജനങ്ങൾ ഒരിക്കൽക്കൂടി നമ്മളിൽ വിശ്വാസമർപ്പിക്കാൻ തയാറാണ്. ബിജെപി ഭരണത്തിനു കീഴിൽ രാജ്യത്തെ വലിയവിഭാഗം ജനങ്ങളും തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാന്പത്തികപ്രശ്നങ്ങളുംകൊണ്ട് പ്രയാസപ്പെടുകയാണെന്നും അവരുടെ ശബ്ദമാകാൻ കോൺഗ്രസിനു കഴിയണമെന്നും ഖാർഗെ പറഞ്ഞു.