വിദ്വേഷ പ്രസംഗം: വൊക്കലിഗ മഠാധിപതിക്കെതിരേ കേസ്
Saturday, November 30, 2024 1:18 AM IST
ബംഗളൂരു: ഇന്ത്യയില്‍ മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയാന്‍ നിയമം കൊണ്ടുവരണമെന്ന് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാന്ദ സ്വാമിക്കെതിരേ പോലീസ് കേസ് എടുത്തു.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് ഭാരതീയ ന്യായ സന്ഹിത (ബിഎന്‍എസ്) സെക് ഷന് 299 പ്രകാരമുള്ള പരാതിയെ തുടര്‍ന്നാണ് ഉപ്പാര്‍പേട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കര്‍ഷകര്‍ കൈവശംവച്ചുകൊണ്ടിരിക്കുന്ന ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരേ ഭാരതീയ കിസാന്‍ സംഘ് ചൊവ്വാഴ്ച ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടത്തിയ സമരത്തിലായിരുന്നു വിവാദ പ്രസംഗം. പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്വാമിക്കെതിരേ വ്യാപകമായി പ്രതിഷേധമുയര്‍ന്നു.
തുടര്‍ന്ന് വ്യാഴാഴ്ച സ്വാമി ക്ഷമാപണം നടത്തിയിരുന്നു. മുസ്ലിം സഹോദരങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.