കേരളത്തിന് കേന്ദ്രം 1050 കോടി അനുവദിച്ചു
Friday, November 29, 2024 3:53 AM IST
ന്യൂഡൽഹി: സംസ്ഥാനത്തിന് 1050 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. അടിസ്ഥാന സൗകര്യ വികസനത്തിന് 795 കോടി രൂപയും വിഴിഞ്ഞം ഗ്യാപ് ഫണ്ടായി 255 കോടി രൂപയുമാണ് സംസ്ഥാനത്തിനു പലിശരഹിതമായി നൽകുന്നത്.
നടപ്പു സാന്പത്തികവർഷം തന്നെ ഫണ്ട് ചെലവാക്കണമെന്നും 50 വർഷംകൊണ്ട് തുക തിരിച്ചടയ്ക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ വികസനപദ്ധതികളെയും മൂലധന നിക്ഷേപങ്ങളെയും പിന്തുണയ്ക്കുന്ന ക്യാപെക്സ് പദ്ധതിപ്രകാരമാണു ഫണ്ട് അനുവദിച്ചത്.
കേരളം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട വായ്പാപരിധിയിൽ ഫണ്ട് വരില്ല. 2024 -25 സാന്പത്തികവർഷത്തിൽ കൊച്ചി മെട്രോയ്ക്ക് ഉൾപ്പെടെ 1059 കോടി രൂപയായിരുന്നു കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയത്.