മേക്ക് ഇൻ ഇന്ത്യൻ ബുള്ളറ്റ് ടെയ്രിനുകൾ ഉടൻ
Friday, November 29, 2024 2:59 AM IST
ന്യൂഡൽഹി: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി ചേർന്ന് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) 280 കിലോമീറ്റർ വരെ വേഗം ആർജിക്കാൻ സാധിക്കുന്ന ട്രെയിനുകളുടെ നിർമാണം ആരംഭിച്ചുവെന്നു റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ വ്യക്തമാക്കി.
ഇന്ത്യയിൽ നിർമിച്ച വന്ദേഭാരത് ട്രെയിനുകളുടെ വിജയമാണ് റെയിൽവേയ്ക്കു പുതിയ പ്രോജക്ട് ചെയ്യാൻ പ്രേരകമായതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനുകൾക്ക് 280 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപന. ഓരോ ട്രെയിൻ കോച്ചിനും ചെലവ് ഏകദേശം 28 കോടി വരും, ഇത് മറ്റ് വിദേശ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുന്പോൾ വളരെ ചെലവു കുറവാണെന്നും മന്ത്രി വ്യക്തമാക്കി.
ചെയർ കാർ ട്രെയിൻ സെറ്റുകളിൽ എയ്റോഡൈനാമിക് എക്സ്റ്റീരിയറുകൾ, സീൽ ചെയ്ത ഗാംഗ്വേകൾ, ഓട്ടോമാറ്റിക് ഡോറുകൾ, കാലാവസ്ഥാ നിയന്ത്രണം, സിസിടിവി നിരീക്ഷണം, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ഉചിതമായ ലൈറ്റിംഗ്, അഗ്നി സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉണ്ടായിരിക്കും.
ഡിസൈൻ പൂർത്തിയാകുന്ന മുറയ്ക്ക് ആദ്യ ട്രെയിൻ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. റെയിൽവേ മന്ത്രി മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയെക്കുറിച്ചും പുതിയ വിവരങ്ങൾ പാർലമെന്റിൽ പങ്കുവച്ചു.
സമുദ്രത്തിന്റെ അടിയിലൂടെ 21 കിലോമീറ്റർ നീളമുള്ള ടണലിന്റെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. ജപ്പാനിൽനിന്നുള്ള സാങ്കേതിക, സാന്പത്തികപിന്തുണയോടെ നടപ്പിലാക്കുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത മുംബൈ, അഹമ്മദാബാദ്, സൂറത്ത്, വഡോദര ഉൾപ്പെടെ 12 സ്റ്റേഷനുകളെ ബന്ധിപ്പിക്കും.
നിർമാണത്തിനായി 1,389.5 ഹെക്ടർ ഭൂമി പൂർണമായും ഏറ്റെടുത്തതായി അശ്വിനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചു.