വോട്ടെടുപ്പ് അവസാനിച്ചശേഷം ഏഴു ശതമാനം പോളിംഗ് ഉയർന്നത് എങ്ങനെയെന്ന് പഠോളെ
Friday, November 29, 2024 3:53 AM IST
മുംബൈ: മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് അവസാനിച്ചശേഷം പോളിംഗ് ഏഴു ശതമാനം ഉയർന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തത വരുത്തണമെന്ന് പിസിസി അധ്യക്ഷൻ നാനാ പഠോളെ.
“വോട്ടെടുപ്പ് അവസാനിച്ച വൈകുന്നേരം അഞ്ചിന് പോളിംഗ് 58.22 ശതമാനമായിരുന്നു. രാത്രി പതിനൊന്നരയോടെ 7.83 ശതമാനം വർധിച്ചു. ഇതു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തത വരുത്തണം. ഇതു ജനങ്ങളുടെ വോട്ട് കൊള്ളയടിക്കുന്നതാണ്. നിയമനടപടികളുമായി ഞങ്ങൾ മുന്നോട്ടു പോകും. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കാൻ തെരുവിലിറങ്ങും”. -പഠോളെ പറഞ്ഞു.
രാത്രി 11.30 വരെ പോളിംഗ് നടന്ന ബൂത്തുകളുടെ ചിത്രങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിക്കണമെന്ന് പഠോളെ ആവശ്യപ്പെട്ടു. സകോലി മണ്ഡലത്തിൽനിന്ന് വെറും 208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പഠോളെ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു ദശകത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന പോളിംഗാണ് ഇത്തവണ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്.
ഇതിനിടെ, മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനത്തിൽ ആശങ്കയറിയിച്ച് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷിയും രംഗത്തെത്തി. 2010-2012 കാലത്താണ് ഖുറേഷി തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മഹാ വികാസ് അഘാഡിയിലെ നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു.