ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പു തോൽവി പരിശോധിക്കാൻ സമിതി
Saturday, November 30, 2024 2:03 AM IST
ന്യൂഡൽഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തോൽവി പരിശോധിക്കാൻ എഐസിസി സമിതി രൂപീകരിച്ചു. ഇന്നലെ നടന്ന പ്രവർത്തകസമിതി യോഗത്തിലാണു തീരുമാനം.
വിജയപ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പുകളിൽ അട്ടിമറി നടന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും സംഘടനാതലത്തിലുള്ള ബലഹീനതകൾ പരിഹരിക്കണമെന്നുമുള്ള ആവശ്യങ്ങൾ യോഗത്തിലുയർന്നു.
പാർട്ടിയുടെ തിരിച്ചുവരവിന് സംഘടനാതലത്തിലുള്ള ദൗർബല്യം പരിഹരിക്കണമെന്നതാണ് യോഗത്തിലുയർന്ന പ്രധാന നിർദേശം. ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് യോഗം വിലയിരുത്തി. 1924ൽ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി മഹാത്മാഗാന്ധി ഏറ്റെടുത്തതിന്റെ ശതാബ്ദി ആഘോഷിക്കാനും യോഗം തീരുമാനിച്ചു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ് തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.