അജ്മീർ ദർഗ ക്ഷേത്രമാണെന്നു ചൂണ്ടിക്കാട്ടി നോട്ടീസ്
Friday, November 29, 2024 3:53 AM IST
അജ്മീർ/ന്യൂഡൽഹി: ക്ഷേത്രമാണെന്നുള്ള അവകാശവാദത്തെത്തുടർന്ന് ചരിത്രപ്രസിദ്ധമായ ആജ്മീർ ദർഗ കമ്മിറ്റിക്കു പ്രാദേശിക കോടതി നോട്ടീയയച്ചു. സൂഫി നേതാവായ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ പേരിൽ പ്രശസ്തമായ ദർഗ ജാതി-മത ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി സന്ദർശിക്കുന്നതാണ്.
ശിവക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. സാമുദായിക സംഘർഷത്തിനു സാധ്യതയുള്ള വിഷയത്തിൽ രാഷ്ട്രീയ, മത നേതാക്കൾ ഉത്കണ്ഠ രേഖപ്പെടുത്തി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവ ദർഗ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ഉത്തർപ്രദേശിലെ സംബാലിൽ സാമുദായിക സംഘർഷമുണ്ടായി നാലുപേർ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അജ്മീറിലും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. സംബാലിലെ ഷാഹി ജമാ മസ്ജിദിൽ സർവേയ്ക്ക് ഉത്തരവിട്ടതിനെത്തുടർന്നായിരുന്നു സംഘർഷം. പുരാതനമായ ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നാണു പരാതി.
അജ്മീർ ദർഗയ്ക്കു നോട്ടീസ് നല്കിയതിനെക്കുറിച്ചു പ്രതികരിക്കാൻ ദർഗ കമ്മിറ്റി വിസമ്മതിച്ചു. എന്നാൽ, സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാന് കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്ന് അൻജുമാൻ സെയ്ത് സംഘടനയുടെ സെക്രട്ടറി സയീദ് സർവാർ ചിഷ്തിആരോപിച്ചു.
ബാബറി മസ്ജിദ് കേസിൽ മുസ്ലിം സമുദായം അവകാശവാദം ഉപേക്ഷിച്ചിരുന്നു. എന്നാൽ, ദൗർഭാഗ്യവശാൽ രാജ്യത്ത് വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങൾ അരങ്ങേറുകയാണ്. സംബാലിലെ സംഭവവികാസങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ആജ്മീരിലെ കേസിൽ അൻജുമാൻ കക്ഷി ചേർന്നതായും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിൽ ആരാധന ആരംഭിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണു കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസ് ഡിസംബർ 20ന് വീണ്ടും പരിഗണിക്കും.
ദർഗ സങ്കട്മോചൻ മാധവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ ആരംഭിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നു ഹിന്ദു സന്യാസി വിഷ്ണു ഗുപ്ത വ്യക്തമാക്കി.