കേസിൽ പെട്ടവർക്കു പരിവർത്തനത്തിന് അവസരം കൊടുക്കണമെന്ന് ഹൈക്കോടതി
Tuesday, July 15, 2025 2:51 AM IST
കൊച്ചി: ക്രിമിനൽ കേസുകളിലെ പ്രതികൾക്കു പരിവർത്തനപ്പെടാൻ അവസരം അനുവദിക്കേണ്ടതാണെന്നു ഹൈക്കോടതി. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു.
പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പോലീസിൽ ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അതു ശരിവച്ച ട്രൈബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഹർജിക്കാരന് നാലാഴ്ചയ്ക്കകം നിയമനം നൽകാനും കോടതി സർക്കാരിനോടു നിർദേശിച്ചു.
ഹർജിക്കാരന്റെ അമ്മ പോലീസ് വകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായിരിക്കേ 2017ൽ മരിച്ചതിനെത്തുടർന്ന് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ജിജിന് പോലീസ് ഡ്രൈവറായി നിയമനം നൽകാൻ വകുപ്പ് തീരുമാനിച്ചു. എന്നാൽ, ഹർജിക്കാരനെതിരേ പൊതുസ്ഥലത്തു മദ്യപിച്ചതിനും സ്ത്രീക്കു നേരേ ആംഗ്യം കാട്ടിയതിനുമുൾപ്പെടെ ആറ് കേസുകളുണ്ടായിരുന്നു.
ഒരു കേസിൽ പിഴയടച്ചു. മറ്റൊന്നിൽ ഒരു ദിവസം തടവ് അനുഭവിച്ചു. മൂന്നു കേസുകളിൽ കുറ്റവിമുക്തനായി. ഒരു വൈവാഹിക തർക്കം ഒത്തുതീർപ്പാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജോലി നിഷേധിച്ചതു നീതീകരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഹർജിക്കാരൻ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലാണ്. ഉന്നത വിദ്യാഭ്യാസത്തിനു വഴിയുണ്ടായിരുന്നില്ല. കേസുകളിലും ഉൾപ്പെട്ടു. അങ്ങനെ ജീവിതത്തിൽ പല പ്രതിബന്ധങ്ങളും നേരിട്ടയാളാണെന്ന് കോടതി വിലയിരുത്തി.
ആരോപിച്ച കുറ്റകൃത്യങ്ങളും നൽകേണ്ട ജോലിയും തമ്മിൽ ബന്ധപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.