താത്കാലിക വൈസ് ചാൻസലർ നിയമനം; കോടതി വിധി ഗവർണർക്കെതിരേ ആയുധമാക്കാൻ സർക്കാർ
Tuesday, July 15, 2025 1:40 AM IST
തിരുവനന്തപുരം: സർവകലാശാലയിലെ താത്കാലിക വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ഗവർണർക്കും രാജ്ഭവനുമെതിരേ രാഷ്ട്രീയ ആയുധമാക്കാൻ സർക്കാർ.
സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സർക്കാർ നല്കുന്ന പാനലിൽ നിന്നു വേണമെന്ന ഹൈക്കോടതി വിധിയോടെ ഗവർണർ നടത്തിയ താത്കാലിക വൈസ് ചാൻസലർമാരുടെ നിയമനം അസാധുവായി.
ഇതിനെതിരേ രാജ്ഭവൻ മേൽക്കോടതിയെ സമീപിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇത്തരത്തിൽ രാജ്ഭവൻ നിലവിലെ കോടതി വിധിക്കെതിരേ മേൽക്കോടതിയെ സമീപിച്ചാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥ കൂടുതൽ രൂക്ഷമാകും.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്ഥിരം വൈസ് ചാൻസലർമാരില്ലാതെ നാഥനില്ലാത്ത സ്ഥിതിയിലാണ്. ഒന്നിലേറെ സർവകലാശാലകളുടെ ഭരണമാണ് നിലവിലെ പല വി.സിമാരും നടത്തുന്നത്.
ഇത്തരമൊരു സാഹചര്യത്തിന്റെ കാരണക്കാർ രാജ്ഭവനും ഗവർണറുമാണെന്നുള്ള പ്രചാരണം വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമായി സംസ്ഥാന മന്ത്രിമാർ ഇന്നലെ കോടതി വിധി വന്നതിനു പിന്നാലെ ഗവർണർക്കും രാജ്ഭവനുമെതിരേ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്.
വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു.
കേരള ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതിയിൽനിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ സുതാര്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ വിജയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.
താത്കാലിക വി.സിമാരെ ഗവർണർക്ക് ശൂന്യതയിൽ നിന്ന് നിയമിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിധി സ്വാഗതാർഹമെന്നുമായിരുന്നു നിയമമന്ത്രി പി.രാജീവിന്റെ പ്രതികരണം.