കെ. സുധാകരന് മുദ്രാവാക്യം; നേതാക്കളെ അവഗണിച്ച് പ്രതിഷേധം
Tuesday, July 15, 2025 2:51 AM IST
കണ്ണൂർ: കെപിസിസിയുടെ ആഹ്വാനത്തിന്റെ ഭാഗമായുള്ള സമരസംഗമത്തിൽ പങ്കെടുക്കാൻ കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് വന്നിറങ്ങുമ്പോൾ കെ. സുധാകരന് അഭിവാദ്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കെപിസിസി സമരസംഗമത്തിന് തൊട്ടു മുന്നോടിയായി നവനീതം ഓഡിറ്റോറിയത്തിന് മുന്നിൽ കെ. സുധാകരന്റെ ഫ്ലക്സുകളും ഉയർന്നിരുന്നു.
“പ്രവർത്തകന്റെ ഹൃദയത്തിലാണ് കെ. സുധാകരൻ, അധികാരത്തിന്റെ ചില്ലുമേടയിലല്ല, ഇരുട്ടിൽ അകപ്പെട്ടവർക്കുള്ള പ്രകാശനാളമാണ് കെ. സുധാകരൻ, കെ. സുധാകരൻ തുടരും.. എന്നിങ്ങനെയായിരുന്നു ഫ്ലക്സിലെ വാചകങ്ങൾ. ഒരു ബോർഡിൽ എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി എന്നു രേഖപ്പെടുത്തിയിരുന്നു. പിന്നീട്, ജില്ലാ കമ്മിറ്റി എന്നത് കോൺഗ്രസ് പ്രവർത്തകർ തന്നെ മറച്ചു.
സമരസംഗമത്തിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് നേരത്തേ ഡിസിസി അച്ചടിച്ച പോസ്റ്ററിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അടൂർ പ്രകാശ്, പി.സി. വിഷ്ണുനാഥ് എംഎൽഎ, കെ.പി. അനിൽകുമാർ, എംപിമാരായ ഷാഫി പറന്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരുടെ ഫോട്ടോകളായിരുന്നു ഉണ്ടായിരുന്നത്. കെ. സുധാകരനെ പോസ്റ്ററിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സുധാകര അനുകൂലവിഭാഗം വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇന്നലെ പരിപാടി നടക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ സുധാകരനെ അനുകൂലിച്ചുള്ള ഫ്ലക്സ് ഉയർന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാൻ ഓഡിറ്റോറിയത്തിലേക്ക് എത്തുന്പോൾ സുധാകരന് മുദ്രാവാക്യം വിളികൾ ഉയർന്നു. ‘കണ്ണൂരാണിത് കണ്ണൂര്, കെ. സുധാകരന്റെ കണ്ണൂര്...’ എന്ന മുദ്രാവാക്യമാണ് ഉയർന്നിരുന്നത്.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ വന്നപ്പോഴും സുധാകരന് മുദ്രാവാക്യം ഉയർന്നിരുന്നു. എന്നാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു അഭിവാദ്യം ഇല്ലായിരുന്നുവെന്നതും ശ്രദ്ധേയമായി. കെ. സുധാകരൻ പങ്കെടുക്കാതെ കണ്ണൂരിൽ ഒരു കോൺഗ്രസ് പരിപാടി നടന്നത് വിരളമാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കെ. സുധാകരൻ ഇപ്പോൾ ഡൽഹിയിലാണുള്ളത്.