ചെറിയ മീനല്ല പോറ്റി; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽനിന്ന് പ്രമാണങ്ങളും സ്വർണാഭരണങ്ങളും കണ്ടെടുത്തു
സ്വന്തം ലേഖകൻ
Monday, October 20, 2025 3:07 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽനിന്ന് നിരവധി ഭൂമി ഇടപാടുകളുടെ രേഖകളും പ്രമാണങ്ങളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് നിരവധി ആധാരങ്ങളും മറ്റു രേഖകളും കണ്ടെടുത്തത്. ഇവ ബിനാമി ഇടപാടുകളാണോ അതോ ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുക്കുന്നതിനായി വാങ്ങിവച്ചിരിക്കുന്ന ഭൂമിയുടെ രേഖകളാണോ എന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പിന്നീട് പരിശോധിക്കും.
വീടിന്റെ ചുറ്റുപാടുകളിൽ പലയിടത്തും തീയിട്ടതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന തെളിവുകൾ ഇയാൾ കത്തിച്ചുകളഞ്ഞതാണോയെന്നും അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇയാൾക്ക് ഭൂമി ഇടപാടുകളുണ്ടായിരുന്നുവെന്നു പരാതിയുണ്ട്.
പിടിച്ചെടുത്ത രേഖകളുടെ നിജസ്ഥിതി ദീപാവലി അവധിക്കു പിന്നാലെ ഓഫീസുകൾ തുറന്നശേഷം പരിശോധിക്കും. ദീപാവലി അവധിയായതിനാൽ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ പോലീസുകാരുടെ കാവലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി വിശ്രമിക്കുകയാണ്. ഇന്നലെ മൊഴിയെടുപ്പില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദീപാവലിക്കു ശേഷമാകും കൂടുതൽ മൊഴിയെടുപ്പും അയൽ സംസ്ഥാനങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോകലും നടക്കുക.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം പോറ്റിയുടെ കിളിമാനൂർ പുളിമാത്തിലെ വീട്ടിൽ തുടങ്ങിയ പരിശോധന രാത്രിയോടെയാണ് സമാപിച്ചത്. എന്നാൽ, നഷ്ടമായതെന്നു കരുതുന്ന രണ്ടു കിലോ സ്വർണം വീണ്ടെടുക്കാൻ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഉന്നതർക്ക് അടക്കം പങ്കിട്ടുനൽകിയെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. ആർക്കൊക്കെ എത്ര സ്വർണം നൽകിയെന്ന വിവരം ചെന്നൈ സ്വദേശിയായ കൽപേഷിനാണ് കൂടുതൽ അറിയാവുന്നതെന്നും മൊഴിയിലുണ്ട്. ഈ പണമാണോ ഭൂമി ഇടപാടിനായി ഉപയോഗിച്ചതെന്നും പരിശോധിക്കുന്നുണ്ട്.
അതിനിടെ കൂടുതൽ പേർക്കെതിരേ പോറ്റി മൊഴി നൽകിയിട്ടും അവരെയൊന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നടപടി സ്വീകരിക്കാത്തത് ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്ന വിമർശനവും ശക്തമാണ്.