വാഗമൺ സന്ദർശിച്ചു മടങ്ങിയവരുടെ കാർ താഴ്ചയിലേക്കു മറിഞ്ഞ് മുത്തശിയും പിഞ്ചുകുഞ്ഞും മരിച്ചു
Monday, October 20, 2025 3:07 AM IST
തൊടുപുഴ: വാഗമണ്‍ സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മുട്ടം ശങ്കരപ്പിള്ളിയിൽ താഴ്ചയിലേക്കു മറിഞ്ഞ് മുത്തശിയും പിഞ്ചുകുഞ്ഞും മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു.
വെങ്ങല്ലൂർ കരടിപ്പറന്പിൽ ആമിന ബീവി (58), കൊച്ചുമകൾ മിഷേൽ മറിയം (നാലുമാസം) എന്നിവരാണ് മരിച്ചത്. കെ.എസ്. ഷാമോൻ, ഭാര്യ ഹസീന (29), ഇവരുടെ മകൾ നാലു വയസുകാരി ഐഷ എന്നിവർക്ക് പരിക്കേറ്റു. ഈ ദന്പതികളുടെ മറ്റൊരു മകളാണ് അപകടത്തിൽ മരിച്ച മിഷേൽ മറിയം.
ഷാമോന്റെ മാതാവാണ് ആമിന ബീവി. വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് ഷാമോൻ. ഇന്നലെ വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം. വാഗമണ്‍ സന്ദർശിച്ച ശേഷം തൊടുപുഴ വെങ്ങല്ലൂരിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശങ്കരപ്പിള്ളി പാലത്തിനു സമീപം എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചതിനുശേഷം താഴ്ചയിലേക്കു മറിയുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്നു പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.