ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Monday, October 20, 2025 2:57 AM IST
അയര്‍ക്കുന്നം: ഭാര്യയെ കൊലപ്പെടുത്തി നിര്‍മാണത്തിലിക്കുന്ന വീടിന്റെ പിന്‍വശത്തു കുഴിച്ചുമൂടി ഇതര സംസഥാന തൊഴിലാളി. പിന്നീട് ഭാര്യയെ കാണാനില്ലെന്നു പോലീസില്‍ പരാതി നല്‍കിയശേഷം മുങ്ങാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടി.
പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സോണി (32)യെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ അല്പനയെ (25) അയര്‍ക്കുന്നം ഇളപ്പാനി ജംഗ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍വശത്താണു കൊന്നു കുഴിച്ചുമൂടിയത്. നിര്‍മാണ തൊഴിലാളിയായ സോണി കഴിഞ്ഞ 17നാണ് ഭാര്യയെ കാണാനില്ലെന്നു കാണിച്ച് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തുന്നതിനിടയില്‍ ഇയാള്‍ മക്കളുമായി ട്രെയിനില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഈ വിവരമറിഞ്ഞ് പോലീസ് ആര്‍പിഎഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് ഇയാളെ പിടികൂടി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ 14നു രാവിലെ ഏഴിന് സോണി ഇളപ്പാനി ജംഗ്ഷനു സമീപത്ത് ഭാര്യയ്ക്കൊപ്പം ഓട്ടോയില്‍ വന്നിറങ്ങി നിര്‍മാണം നടക്കുന്ന വീട്ടിലേക്കു നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. തിരികെ 7.50നു സോണി മാത്രം മടങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. ഇതാണ് പോലീസിനു സംശയം തോന്നാന്‍ കാരണമായത്. എറണാകുളത്തുനിന്ന് ഇന്നലെ പുലര്‍ച്ചെ അയര്‍ക്കുന്നം സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ പുറത്തായത്.
ഇളപ്പാനി ജംഗ്ഷനില്‍നിന്നു 100 മീറ്റര്‍ മാറി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍വശത്ത് രണ്ടടി താഴ്ചയിലാണ് അല്പനയെ കുഴിച്ചുമൂടിയത്. അല്‍പനയ്ക്കു മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.