നിയമസഭയുടെ പ്രത്യേക സമ്മേളനം: പ്രതിപക്ഷ നിലപാട് സ്പീക്കറുടെ
മറുപടിക്കുശേഷം
സ്വന്തം ലേഖകൻ
Monday, October 20, 2025 3:07 AM IST
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ശനിയാഴ്ച വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാട് സ്പീക്കറുടെ മറുപടിക്കുശേഷമാകും പ്രതിപക്ഷം തീരുമാനിക്കുക. മുഖ്യമന്ത്രി ഏകാധിപത്യപരമായി കക്ഷി നേതാക്കളുമായി കൂടിയാലോചന നടത്താതെയാണ് ചട്ടം ലംഘിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയതെന്നാണ് പ്രതിപക്ഷ നിലപാട്. നിയമസഭാ സമ്മേളനത്തിന്റെ അജൻഡയും അറിയിച്ചിട്ടില്ല.
പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കഴിഞ്ഞ ദിവസം സ്പീക്കർക്ക് കത്തു നൽകിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാകും നേരത്തേ നിയമസഭ ബഹിഷ്കരിക്കണോ അതോ നിയമസഭ ചേർന്ന ശേഷം ബഹിഷ്കരണം മതിയോ എന്ന കാര്യത്തിൽ പ്രതിപക്ഷം നിലപാട് സ്വീകരിക്കുകയുള്ളൂ.
നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച ചട്ടത്തിലെ 13(2) പ്രകാരം ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും സഭാ സമ്മേളനം നടത്തുന്നതിന് നിയമസഭയുടെ തീരുമാനം ആവശ്യമാണ്. എന്നാൽ, ശനിയാഴ്ചത്തെ സമ്മേളനം ചേരുന്നതിന് സഭ യാതൊരു തീരുമാനവുമെടുത്തിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തത് ചട്ടം ലംഘിച്ചാണെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
പ്രത്യേക സമ്മേളനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ എന്ത് അടിയന്തര സാഹചര്യത്തിലാണു ചേരുന്നതെന്ന് പ്രതിപക്ഷവുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവിന്റെ കത്തിൽ പറയുന്നു. പ്രതിപക്ഷവുമായി ആശയവിനിമയം നടത്താതെയും സഭയുടെ അംഗീകാരമില്ലാതെ ചട്ടം ലംഘിച്ചും പാർലമെന്ററി മര്യാദകൾ പാലിക്കാതെയുമാണ് പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്. ഈ സാഹചര്യത്തിൽ പ്രത്യേക സമ്മേളനത്തിന്റെ അജൻഡ എന്താണെന്ന് അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടിരുന്നു.