കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
Monday, October 20, 2025 2:57 AM IST
മഞ്ചേരി: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി.
പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വണ്ടൂർ പോരൂർ ചാത്തങ്ങോട്ടുപുറം പരേതനായ നടുവിൽ ചോലയിൽ നീലകണ്ഠന്റെ മകൻ പ്രവീണി (35)നെയാണ് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് എളങ്കൂർ ചാരങ്കാവ് സ്വദേശി മൊയ്തീൻകുട്ടി (35)യെ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ്കുമാർ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 6.45ന് ചാരങ്കാവ് അങ്ങാടിയിലാണ് സംഭവം. പ്രവീണും മൊയ്തീൻകുട്ടിയും കാടുവെട്ടുന്ന ജോലി ചെയ്തുവരുന്നവരാണ്. പ്രദേശത്തെ ജോലികളേറെയും ചെയ്തു വന്നിരുന്ന മൊയ്തീൻകുട്ടിക്ക് പ്രവീണ്‍ കാടുവെട്ടുയന്ത്രവുമായി എത്തിയതോടെ പണി കിട്ടാതായി. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു. ഇക്കാര്യത്തിൽ ഇരുവരും നേരത്തേ വാക്കുതർക്കമുണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
ബൈക്കിൽ ചാരങ്കാവ് അങ്ങാടിയിൽ എത്തിയതായിരുന്നു പ്രവീണ്‍. ഇതേ സമയം കാടുവെട്ടുയന്ത്രവുമായി സ്കൂട്ടറിൽ സഹപ്രവർത്തകനായ സുരേന്ദ്രനും എത്തി. തൊട്ടടുത്ത് നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിന് സമീപമുള്ള കാട് വെട്ടുന്നതിനായി സുരേന്ദ്രനോട് മൊയ്തീൻകുട്ടി യന്ത്രം ചോദിച്ചുവാങ്ങി. തുടർന്ന് മൊയ്തീൻകുട്ടി യന്ത്രം ഉപയോഗിച്ച് പിൻതിരിഞ്ഞ് നിൽക്കുകയായിരുന്ന പ്രവീണിന്റെ കഴുത്തിലേക്ക് വീശുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ സുരേന്ദ്രൻ പോലീസിന് മൊഴി നൽകി. സംഭവ സ്ഥലത്ത് വച്ചുതന്നെ പ്രവീണ്‍ മരിച്ചു.
പ്രതിയെ മഞ്ചേരി കോടതിയുടെ ചുമതലയുള്ള പെരിന്തൽമണ്ണ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വിജിഷയാണ് പ്രവീണിന്റെ ഭാര്യ. മകൾ: വിഗയ.